ഹരിപ്പാട്: സിപിഎം നിയന്ത്രണത്തിലുള്ള തകര്‍ച്ചയെ നേരിടുന്ന കെസിടിയെ രക്ഷിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മന്ത്രി രമേശ് ചെന്നിത്തലയും വേദിപങ്കിട്ടത് ഇരുപാര്‍ട്ടികളിലും വിവാദമായി. ഇന്നലെ പുതിയപദ്ധതികളുടെ ഉദ്ഘാടനത്തിന് ഒരുക്കിയ ഹരിപ്പാട് കെസിടി വര്‍ക് ഷോപ്പ് അങ്കണമായിരുന്നു വേദി.
കെസിടിയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതിന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതും കോണ്‍ഗ്രസ് ഭരണനേതൃത്വം നല്‍കുന്നതുമായ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് മൂന്നു കോടി രൂപ വായ്പ അനുവദിച്ചു കിട്ടുന്നതില്‍ രമേശ് ചെന്നിത്തല ഇടപെട്ടു എന്നാണ് ആരോപണം. വായ്പക്കു പുറമേ കെസിടിയെ രക്ഷിക്കുന്നതിനായി മറ്റൊരു സഹായംകൂടി മന്ത്രി പ്രഖ്യാപിച്ചു. കെസിടി സര്‍വ്വീസ് നടത്തുന്ന റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ പരിമിതപ്പെടുത്തുന്നതിന് ആവശ്യമായ സഹായം ഉറപ്പുനല്‍കിയാണ് സ്പ്രിങ് പ്ലേറ്റ് ബെന്റിങ് യൂണിറ്റ് ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചത്. സിപിഎം ഒരുക്കിയ വേദിയില്‍ പിണറായിക്കൊപ്പം മന്ത്രി പങ്കെടുക്കുകയും സിപിഎം സംഘത്തെ സഹായിക്കുന്ന പ്രഖ്യാപനം നടത്തുകയും ചെയ്ത സംഭവത്തല്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം അതൃപ്തി രേഖപ്പെടുത്തി.
കഴിഞ്ഞ മൂന്ന് വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന യുഡിഎഫിനും രമേശ് ചെന്നിത്തലക്കും എതിരായി സിപിഎം ഹരിപ്പാട്ട് പ്രതിപക്ഷത്തിന്റെ റോള്‍ നിറവേറ്റുന്നില്ലെന്ന് ആരോപണം നിലനില്‍ക്കേയാണ് ഇന്നലെ ഇരു നേതാക്കളും വേദിപങ്കിട്ടത്. എറെ വിവാദങ്ങള്‍ ഉടലെടുത്തിട്ടുള്ള ഹരിപ്പാട് മെഡിക്കല്‍ കോളേജിന് കായംകുളം താപനിലയത്തിന്റെ 25 എക്കര്‍ സ്ഥലം ഏറ്റെടുത്ത് 74 ശതമാനം സ്വകാര്യ പങ്കാളിത്വത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഎമ്മിലെ ചില ഉന്നത നേതാക്കളും മന്ത്രി രമേശ് ചെന്നിത്തലയും തമ്മിലുള്ള രഹസ്യ ധാരണയാണ് പ്രതികരിക്കാത്തതിന് കാരണമെന്നാണ് ഇടതു നേതാക്കള്‍ രഹസ്യമായി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: