ഹരിപ്പാട്: എന്‍ടിപിസി വക സ്ഥലം മെഡിക്കല്‍ കോളേജിന് ഏറ്റെടുക്കന്നതിന് എതിരെ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ കായംകുളം താപനിലം അധികാരികള്‍ സുപ്രീം കോടതിയില്‍ നവംബര്‍ 10ന് അപ്പീല്‍ സമര്‍പ്പിക്കും. അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള അനുമതിക്കായി താപനിലയത്തിന്റെ കേന്ദ ഓഫീസുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനം തുടങ്ങി. ദീപാവലി അവധിക്ക് ശേഷം അപ്പീല്‍ സമര്‍പ്പിക്കും. എന്‍ടിപിസിയുടെ അടുത്ത ഘട്ടം വികസനത്തിന് നിലവിലുള്ള സ്ഥലം അനിവാര്യമാണ്. ദേശീയപാതയുടെ സമീപത്തുള്ള സ്ഥലം വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ താപനിലയം അധികാരികള്‍ ഉറച്ച നിലപാടിലായിരുന്നു.
ഭൂമി എറ്റെടുക്കല്‍ നിയമപ്രകാരം പൊതു ആവശ്യത്തിന് ഏറ്റെടുത്ത ഭൂമി വിനിയോഗിച്ചില്ലെങ്കില്‍ മറ്റ് ആവശ്യത്തിന് വീണ്ടും ഏറ്റെടുക്കാന്‍ സര്‍ക്കാരിന് തടസമില്ലെന്ന് അപ്പീല്‍ തള്ളി കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഹരിപ്പാട് മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു. മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിന് താപനിലയത്തിന്റെ കൈവശമുള്ള ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയില്‍ 25 എക്കര്‍ സ്ഥലം എറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചിരുന്നു. ഇതിനെതിരെയാണ് എന്‍ടിപിസി കോടതിയെ സമീപിച്ചത്.
1989-93 കാലയളവില്‍ കായംകുളം താപനിലയം സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന കായംകുളം കായല്‍ഫാമിന്റെ രണ്ടു ബ്ലോക്കുകളില്‍ പെട്ട 900 എക്കര്‍ സ്ഥലം എന്‍ടിപിസിക്ക് സംസ്ഥാന സര്‍ക്കാര്‍ വിലയ്ക്ക് നല്‍കിയിരുന്നു. ഇതിന് പുറമേ ദേശീയപാതയുടെ സമീപത്ത് സ്വകാര്യ വ്യക്തികളില്‍ നിന്ന് വാങ്ങിയത് ഉള്‍പ്പെടെ 164.80 ഹെക്ടര്‍ സ്ഥലമാണ് എന്‍ടിപിസിയുടെ കൈവശം ഇപ്പോള്‍ ഉള്ളത്. കായല്‍ ഫാമിന്റെ രണ്ട് ബ്ലോക്കുകളില്‍ വടക്കേ ബ്ലോക്കിലെ 500 എക്കര്‍ സ്ഥലത്താണ് താപനിലയത്തിന്റെ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് 400 എക്കര്‍ വരുന്ന തെക്കേ ബ്ലോക്കിന്റെ തെക്കേ അറ്റത്ത് 25 എക്കര്‍ സ്ഥലം വിട്ടുകടുക്കുവാന് തയ്യാറാണെന്ന് താപനിലയം അധികാരികള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് ദേശീയപാതയോട് ചേര്‍ന്നല്ലാത്തതിനാല്‍ സര്‍ക്കാരിന് താത്പര്യം ഇല്ല.
ദേശിയ പാതയോട് ചേര്‍ന്നുള്ള വിലപിടിപ്പുള്ള സ്ഥലം വേണമെന്ന വാശിയിലാണ് സര്‍ക്കാര്‍. ഭൂമി വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ടു 2011ല്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ എന്‍ടിപിസി അധികൃതര്‍ ഭൂമി കൊടുക്കാമെന്ന് സമ്മതിച്ചിരുന്നതാണ്. മെഡിക്കല്‍ കോളേജിന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ദേശീയപാതയോട് ചേര്‍ന്നുള്ള 25 എക്കര്‍ ഭൂമിയാണ് ജില്ലാ കളക്ടര്‍ തെരഞ്ഞെടുത്തത്. ഈ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കത്ത് താപനിലയം അധികാരികള്‍ക്ക് സര്‍ക്കാര്‍ കൈമാറിയിരുന്നു. എന്നാല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സും കേന്ദ്രസര്‍ക്കാരും അനുവദിക്കണമെന്ന് മറുപടി എന്‍ടിപിസി നല്‍കിയിരുന്നു. സ്ഥലം എറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടു പോയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിനെതിരെ എന്‍ടിപിസി കോടതിയെ സമീപിച്ചത്. കേസ് നടത്തിപ്പ് കാര്യക്ഷമമല്ലാത്തതാണ് അപ്പീല്‍ ഹര്‍ജി തള്ളാന്‍ കാരണമെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: