പാലാ: ടൂറിസം വികസനത്തിന്റെ മറവില്‍ പാലായില്‍ മത- രാഷ്ട്രീയ താത്പര്യങ്ങള്‍ നടപ്പാക്കാന്‍ മന്ത്രി ശ്രമിക്കുന്നതായി ആക്ഷേപം. ഭാരതത്തിലെ ആദ്യ ഗ്രീന്‍സിറ്റിയായി കേന്ദ്ര സര്‍ക്കാര്‍ കോട്ടയം ജില്ലയ്ക്ക് നല്കിയ അംഗീകാരത്തിന്റെ പിന്നാലെയാണ് പാലായെ യൂറോപ്യന്‍ വാസ്തുനിര്‍മ്മാണ ശൈലിയില്‍ കമാനഗോപുരങ്ങള് നിര്‍മ്മിച്ച് ആധുനികവത്കരിക്കാന്‍ ശ്രമം നടക്കുന്നത്. പാലായിലെ കുരിശുപള്ളിയുടെ മാതൃകകളാണ് ഗോപുരങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഹരിത, ടൂറിസം പദ്ധതിക്കായി കേന്ദ്രം നല്കുന്ന കോടിക്കണക്കിനു തുക മതതാത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വിനിയോഗിക്കാനുള്ള നീക്കത്തില്‍ പലകേന്ദ്രങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.
പള്ളി മാതൃകയിലുള്ള കമാനങ്ങളോടുകൂടിയ പാലാ നഗരവികസനത്തിന്റെ രൂപ രേഖ ഒരു പത്രം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ജില്ലയ്ക്കായി അനുവദിച്ച 89കോടയില്‍ 15 കോടിയാണ് ഇത്തരത്തില്‍ നഗരപരിഷ്കരണത്തിന് വിനിയോഗിക്കുന്നതെന്നാണറിയുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പാലാ നഗരത്തെ സൗന്ദര്യവത്കരിക്കാന്‍ എന്ന പേരില്‍ കോടികള്‍ ധൂര്‍ത്തടിക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ബിജെപി പാലാ നിയോജകമണ്ഡലം നേതൃയോഗം പ്രമേയത്തിലൂടെ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.
ദുര്‍ഗന്ധം നിറഞ്ഞ പാലായ്ക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് നവീനമായ എന്തെങ്കിലും സംവിധാനമോ വൃത്തിയുള്ള ഒരു പൊതുകക്കൂസോ ഇല്ല. നഗരത്തിലെവിടെയും മാലിന്യക്കൂമ്പാരങ്ങള്‍. ആരോഗ്യ മേഖലയില്‍ ആധുനിക സൗകര്യമുള്ള ഒരു ആശുപത്രിയോ പത്തുപേര്‍ക്ക് തൊവില്‍ നല്കുന്ന ഏതെങ്കിലും പൊതുമേഖലാ സ്ഥാപനമോ ഇല്ല. ഇവയ്ക്ക് പരിഹാരം കാണാതെയാണ് കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ നഗര സൗന്ദര്യവത്കരണം നടത്താനൊരുങ്ങുന്നത്. ജനങ്ങള്‍ക്ക് പ്രയോജനമില്ലാതെ പണം ധൂര്‍ത്തടിക്കാന്‍ നടക്കുന്ന നീക്കം പ്രതിഷേധാര്‍ഹമാണെന്നും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രിയ്ക്കയച്ച പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: