ചെങ്ങന്നൂര്‍: ഭക്തര്‍ക്ക് അനുഗ്രഹവും സായൂജ്യവുമേകി ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലെ ദേവന് സമ്പൂര്‍ണ നെയ്യാട്ട് നടന്നു. പ്രത്യേക പൂജകള്‍ക്ക് ശേഷം ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് നെയ്യാട്ട് ആരംഭിച്ചത്. ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തരടക്കം നൂറുകണക്കിന് ഭക്തരാണ് രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന അഭിഷേകം ദര്‍ശിച്ചത്.വിശേഷാല്‍ പഞ്ചവാദ്യങ്ങളുടെയും, താളമേളങ്ങളുടെയും അകമ്പടിയോടെയുമായിരുന്നു ശ്രീപരമേശ്വരന് നെയ്യാട്ട് നടന്നത്. അഭിഷേകം കണ്ട് തൊഴാന്‍ വന്‍ ഭക്തജന തിരക്കായിരുന്നു. ചടങ്ങുകള്‍ക്ക് തന്ത്രി കണ്ഠരര് മോഹനര് മുഖ്യകാര്മമികത്വം വഹിച്ചു. തുലാസംക്രമനെയ്യാട്ട് വെള്ളിയാഴ്ച വൈകിട്ട് 6.11ന് നടന്നിരുന്നു. ഇതിന് തുടര്‍ച്ചയായാണ് സമ്പൂര്‍ണ നെയ്യാട്ട് ഇന്നലെ നടന്നത്.
ചിറക്കടവില്‍ നിന്നും ആഘോഷപൂര്‍വ്വം എത്തിച്ച നെയ്യാണ് തുലാസംക്രമവേളയില് ഭഗവാന് ആദ്യമായി ആറാടിയത്. അഭിഷേകത്തിന് ശേഷം നെയ്പായസവും ഭക്തര്‍ക്ക് വിതരണം ചെയ്തു. ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആര്.ജയശ്രീ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എന്‍.രാധാകൃഷ്ണന് ശ്രീപദം, സെക്രട്ടറി റ്റി.പ്രകാശ്, അംഗങ്ങളായ വിധുകൃഷ്ണന്‍, വിനീത് മോഹന്‍, എന്‍.ജി. ശിവന്, വിജയകുമാര്‍ വല്ലത്ത്, ക്ഷേത്രസംരക്ഷണസമിതി താലൂക്ക് സെക്രട്ടറി എസ്.വി. പ്രസാദ് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: