പൂച്ചാക്കല്‍: മാക്കേക്കവല ജങ്ഷനുസമീപത്തെ ജലഅതോറിറ്റിയുടെ പഴയ ജലസംഭരണി നാടിന് തന്നെ ഭീഷണിയാകുന്നു. വര്‍ഷങ്ങളായി ഉപയോഗശൂന്യമായ ജലസംഭരണിയുടെ മുകള്‍ഭാഗത്തെയും തൂണുകളിലെയും കോണ്‍ക്രീറ്റ് അടര്‍ന്നുപോയി കമ്പികള്‍ തെളിഞ്ഞുനില്‍ക്കുന്നതിനാല്‍ അപകട സാധ്യതയേറെയാണ്. മുന്‍പ് ചേര്‍ത്തല താലൂക്കിലെ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് ജലം വിതരണം ചെയ്തിരുന്നത് ഈ ജലസംഭരണി ഉപയോഗിച്ചായിരുന്നു. എന്നാല്‍ ജപ്പാന് കുടിവെള്ള പദ്ധതി വന്നതോടെ ജങ്ഷനു സമീപത്തായി സംഭരണശേഷി കൂടിയ ജലസംഭരണികള്‍ നിര്‍മ്മിച്ചതോടെയാണ് പഴയ ജലസംഭരണി ഉപയോഗശുന്യമായത്.
ഒരോ ഭാഗത്തുനിന്നും കോണ്‍ക്രീറ്റ് അടര്‍ന്നു വീണുകൊണ്ടിരിക്കുന്നതിനാല്‍ സമീപവാസികളും ഭയന്നാണ് കഴിയുന്നത്. ചേര്‍ത്തല-അരൂക്കുറ്റി റോഡിന്റെ സമീപത്തായതിനാല്‍ വാഹനയാത്രക്കാര്‍ക്കും ജലസംഭരണി ഭീഷണിയാണ്. ഇതിന്റെ സമീപത്തായി ഒഴിഞ്ഞുകിടക്കുന്ന പ്രദേശത്ത് അന്യസംസ്ഥാനക്കാര്‍ വന്ന് കുടില്‍കെട്ടി താമസിക്കുകയും പതിവാണ്. അപകടസാധ്യതയുള്ളതിനാല്‍ ഇത് നീക്കം ചെയ്യണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടിയൊന്നുമുണ്ടാകുന്നില്ല. വലിയ അപകടമുണ്ടാകും മുന്‍പ് അധികൃതര്‍ ഇടപെട്ട് നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: