ചെറിയനാട്: വഴിയില്ലാതെ പാടശേഖരങ്ങള്‍ക്ക് നടുവില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്തില് മൂന്നു കുടുംബങ്ങള്‍. ചെറിയനാട് പഞ്ചായത്തില്‍ 15-ാം വാര്‍ഡില്‍ പട്ടത്താനത്തില്‍ രാജന്, ഗംഗാധരന്, ജാനകി എന്നിവരാണ് അവഗണിക്കപ്പെടുന്നത്. ഒന്നരവയസ്സുമുതല്‍ 70 വയസ്സുള്ളവരെയുള്ള പതിനഞ്ചോളം പേരാണ് ഇവിടെ താമസിക്കുന്നത്. പാടശേഖരത്തിന്റെ മദ്ധ്യത്തില്‍ കൂടിയുള്ള വരമ്പാണ് ഇവരുടെ സഞ്ചാരമാര്‍ഗ്ഗം. വേനല്‍ കാലത്തു പോലും വെള്ളത്തില്‍ കൂടിവേണം ഇവര്‍ക്ക് സഞ്ചരിക്കാന്‍.
വര്‍ഷകാലം ആരംഭിക്കുന്നതോടെ ഇവര്‍ നിലയില്ലാത്ത വെള്ളത്തില്‍ കൂടി നീന്തിവേണം പുറം ലോകത്ത് എത്തേണ്ടത്. കനത്ത വെള്ളം പൊക്കം ഉണ്ടാകുമ്പോള്‍ മുള ഉപയോഗിച്ചുള്ള ചെങ്ങാടമാണ് ഉപയോഗിക്കുന്നത്. വര്‍ഷങ്ങളായി ജനപ്രതിനിധികള്‍ക്ക് മുന്‍പാകെ ഇവര്‍ നിവേദനം സമര്‍പ്പിക്കാറുണ്ടെങ്കിലും അവഗണനയാണ് ലഭിക്കുന്നത്.
സമഗ്ര നെല്‍കൃഷി പദ്ധതിയുടെ ഭാഗമായി പാടശേഖരത്തിലൂടെ ബണ്ട് റോഡു വരുമെന്ന പ്രഖ്യാപനം ഇവര്‍ക്ക് അല്‍പ്പം ആശ്വാസകരമായിരുന്നെങ്കിലും അഴിമതിയില്‍ മുങ്ങി പദ്ധതി പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയുള്ള യാത്രയുടെ ഫലമായി പാദരോഗങ്ങള്‍ അടക്കമുള്ളവ പിടിപെടുന്നതായി വീട്ടുകാര്‍ പറയുന്നു. സുരക്ഷിതമായി വീടുകളില്‍ എത്തുന്നതിന് നിലവിലുള്ള വഴിയില്‍ മണ്ണിട്ട് ഉയര്‍ത്തുകയോ ചെറിയ പാലം നിര്‍മ്മിക്കുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ജനപ്രതിനിധികള്‍ക്ക് ഇതുസംബന്ധിച്ചുള്ള നിവേദനം വീണ്ടും നല്‍കാനുള്ള നീക്കത്തിലാണ് വീട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: