ആലപ്പുഴ: വിദ്യാര്‍ത്ഥികളുടെ പഠനം മുടക്കി എസ്ഡി കോളേജില്‍ ഫ്രഷേഴ്സ് ഡേ എന്ന പേരില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത് വിവാദമായി. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ത്തല്ലിയതിനെ തുടര്‍ന്ന് പോലീസെത്തിയാണ് സമാധാന അന്തരീക്ഷം പുനഃസ്ഥാപിച്ചത്. നവാഗതരായ വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്വീകരണ പരിപാടികള്‍ നടത്തിയിരുന്നു. എന്നാല്‍ എസ്എഫ്ഐക്കാരുടെ നിര്‍ബന്ധത്തിന് വഴങ്ങി കോളേജ് പ്രിന്‍സിപ്പല്‍ ഫ്രഷേഴ്സ് ഡേ എന്ന പേരില്‍ ആഘോഷ പരിപാടികള്‍ നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. കാലാവധി കഴിഞ്ഞതിനാല്‍ കോളേജ് യൂണിയന് നിലവിലില്ല. പുതിയ അദ്ധ്യയന വര്‍ഷത്തെ കോളേജ് യൂണിയന് തെരഞ്ഞെടുപ്പ് അനന്തമായി നീളുകയാണ്. കഴിഞ്ഞവര്‍ഷത്തെ കോളേജ് യൂണിയന് നേതൃത്വം എസ്എഫ്ഐക്കാണ്. ഇവരെ നിയോഗിച്ചാണ് വെള്ളിയാഴ്ച ആഘോഷ പരിപാടികള്‍ നടത്തിയത്.
പുറത്തുനിന്നു വരെ എസ്എഫ്ഐക്കാരുടെ ഒത്താശയോടെ ചിലര്‍ മദ്യപിച്ചെത്തി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സംഘര്‍ഷം വ്യാപകമായ സാഹചര്യത്തിലാണ് പോലീസെത്തി രംഗം ശാന്തമാക്കിയത്. സെമസ്റ്റര്‍ അവസാനിക്കാറായ സാഹചര്യത്തില്‍ സിലബസുകള്‍ പഠിപ്പിച്ച് തീര്‍ക്കാന്‍ അദ്ധ്യാപകര്‍ ബുദ്ധിമുട്ടുമ്പോഴാണ് ഒരുദിവസത്തെ അദ്ധ്യയനം ആഘോഷത്തിന്റെ പേരില്‍ മുടക്കിയത്. കോളേജില്‍ മുടങ്ങാതെ അദ്ധ്യയന നടത്താന്‍ ബാദ്ധ്യസ്ഥനായ പ്രിന്‍സിപ്പല്‍ എസ്എഫ്ഐക്കാര്‍ക്ക് വഴങ്ങി ആഘോഷ പരിപാടികള്‍ നടത്തിയതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: