ആലപ്പുഴ: ഒന്‍പതാം ക്ലാസിലെ കൂട്ടത്തോല്‍വി ഒഴിവാക്കാന്‍ പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് ഡിസംബര്‍ ഒന്നുമുതല്‍ പ്രത്യേക ശിക്ഷണപരിപാടികള്‍ എല്ലാ വിദ്യാലയങ്ങളിലും നടപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍ എന്നിവര്‍ക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് നിര്‍ദ്ദേശം നല്കി.
പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് വിവിധതലങ്ങളിലുളള നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഒരു സ്കൂളില്‍ വാര്ഷികപരീക്ഷയില് രണ്ടാംവട്ടവും തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തെത്തുടര്‍ന്ന് കമ്മീഷന് സ്വമേധയാ കൈക്കൊണ്ട നടപടി തീര്‍പ്പാക്കിക്കൊണ്ടാണ് കമ്മീഷന് മെമ്പര്‍മാരായ ജെ. സന്ധ്യ, ഗ്ലോറി ജോര്‍ജ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
കുട്ടികളുടെ ഇടയില്‍ മാനസികസംഘര്‍ഷം മൂലമുളള ആത്മഹത്യ ഒഴിവാക്കുന്നതിന് എല്ലാ സ്കൂളുകളിലും ഡിസംബര്‍ മുതല്‍ കൗണ്‍സലിങ് സംവിധാനം ഏര്‍പ്പെടുത്താനും കമ്മീഷന് നിര്‍ദ്ദേശിച്ചു. കുട്ടികള്‍ക്ക് വ്യക്തിപരമായ ശ്രദ്ധ ലഭിക്കുന്നതിന് വിദ്യാര്‍ത്ഥി-അദ്ധ്യാപക അനുപാതം എല്‍പി ക്ലാസുകളില്‍ പരമാവധി 1:30 ഉം അഞ്ചുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ 1:35 ഉം ഒമ്പത്, 10 ക്ലാസുകളില്‍ 1:40 ഉം ആയി നിജപ്പെടുത്താന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനും കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: