ചേര്‍ത്തല: നഗരസഭയിലെ അഴിമതിക്കഥകള്‍ പുറത്തായതോടെ നഗരസഭാ സെക്രട്ടറി അവധിയില്‍, സ്ഥലം മാറ്റം ഉണ്ടായേക്കുമെന്ന് സൂചന. യുഡിഎഫ് ഭരിക്കുന്ന നഗരസഭയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കൈക്കൂലിപ്പെട്ടി സ്ഥാപിച്ചതോടെ പ്രശ്നം പ്രതിപക്ഷവും, മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളും ഏറ്റെടുക്കുകയായിരുന്നു. നഗരസഭയിലെ കൈക്കൂലിയും അഴിമതിയും പുറത്തുവന്നതോടെ ചെയര്‍പേഴ്സണ്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ ശക്തമായി.
നഗരപരിധിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വന്‍ സാമ്പത്തിക തിരിമറിയാണ് നടന്നത്. അഴിമതിക്ക് കൂട്ടുനിന്ന ചെയര്‍പേഴ്സണ്‍ വിജിലന്‍സ് അന്വേഷണം നേരിടണമെന്നാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ ആവശ്യം. അഴിമതി വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കണമെന്നു കാണിച്ച് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ വിഷയത്തില്‍ ചര്‍ച്ച പ്രതിപക്ഷം നടത്തണമെന്നാവശ്യപ്പെട്ടപ്പോള്‍ ചെയര്‍പേഴ്സണ്‍ നിഷേധാത്മകമായ നിലപാട് സ്വീകരിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്ക്കരിച്ച് നഗരത്തില്‍ പ്രകടനവും നഗരസഭാ കവാടത്തില്‍ ധര്‍ണയും നടത്തി.
നഗരസഭയുടെ ദുര്‍ഭരണത്തിനെതിരെ ബിജെപിയും രംഗത്തെത്തി. സെക്രട്ടറിയും ചെയര്‍പേഴ്സണും ചേര്‍ന്ന് നടത്തിയ അഴിമതിയും, അതിനു കൂട്ടുനില്‍ക്കുന്ന യുഡിഎഫ് നേതൃത്വും അഴിമതിയ്ക്ക് കൂട്ടുനില്‍ക്കുന്ന പ്രതിപക്ഷവും നഗരസഭയില്‍ ഭരണസ്തംഭനം സൃഷ്ടിച്ചിരിക്കുകയാണെന്ന് ബിജെപി മുനിസിപ്പല്‍ കമ്മറ്റി ആരോപിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കും ഭരണപക്ഷത്തിനുമെതിരെ നടപടി സ്വീകരിക്കണമെന്നും മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ഇതിനെതിരെ 20ന് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: