ആലപ്പുഴ: മാരാരിക്കുളം സ്വദേശിയായ യുവാവിനെ കൊല്ലത്ത് വാടക കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. മാരാരിക്കുളം വടക്ക് പത്താം വാര്‍ഡ് ചിറയില്‍ വീട്ടില്‍ ആര്. രമേശിന്റെ മകന് സുമേഷാ (28)ണ് കഴിഞ്ഞമാസം 13ന് മരിച്ചത്. തേവള്ളി ഓലയില്‍ കടവിന് സമീപത്തെ വാടക കെട്ടിടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരത്തുള്ള വെസ്റ്റ് കണ്ട്രോള് ഇന്ത്യ കമ്പനിയുടെ കൊല്ലം ജില്ലാ പ്രതിനിധിയായാണ് സുമേഷ് ജോലി ചെയ്തിരുന്നത്. 13ന് വൈകിട്ട് നാലോടെ സുമേഷ് അച്ഛനെ ഫോണില്‍ വിളിച്ച് എന്നെ കൊല്ലം വെസ്റ്റ് പോലീസ് പിടിച്ചെന്നും ഫെയ്സ് ബുക്കില്‍ ആരോ ദുരുപയോഗം ചെയ്തു. ഞാന്‍ നിരപരാധിയാണ്. കഞ്ഞിക്കുഴിക്കാരനും ഷാഡോ പോലീസ് സിഐയും അനന്തലാലിന് എല്ലാം അറിയാം എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. പിന്നീട് ഫോണിലേക്ക് തിരികെ വിളിച്ചപ്പോള്‍ ആരും ഫോണെടുത്തില്ല. കൊല്ലം പോലീസുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞത് സുമേഷിനെ പോലീസ് പിടിച്ചിട്ടില്ലെന്നും സുമേഷ് എന്നയാള്‍ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി തന്റെ ഫെയ്സ്ബുക്ക് ആരോ ദുരുപയോഗം ചെയ്യുന്നുവെന്ന് പരാതി പറഞ്ഞുവെന്നും സുമേഷിന്റെ ബൈക്ക്, ഹെല്‍മറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവ സ്റ്റേഷന് മുന്‍വശം ഇരിപ്പൂണ്ടെന്നും പറഞ്ഞു.
പിന്നീട് കൊല്ലം പോലീസ് രാത്രി എട്ടോടെ അറിയിച്ചത്. സുമേഷിനെ വാടക കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി എന്നുമാണ്. പോലീസിന്റെ മറുപടിയിലും സുമേഷിന്റെ മരണത്തിലും ദുരൂഹതയുണ്ട്. സുമേഷ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പാണ്. സംഭവത്തെ കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച് കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുവാന്‍ നടപടി ഉണ്ടാകണമെന്നാണ് രമേശിന്റെ സഹോദരന് ആര്. വിശ്വനാഥന് പരാതി നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: