ആലപ്പുഴ: നഗരത്തില്‍ പഴവീട്, കൊമ്മാടി, വലിയചുടുകാട് എന്നിവിടങ്ങളില്‍ ശുദ്ധജല പ്ലാന്റ് തകരാറിലായിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും നന്നാക്കാന്‍ ഫണ്ടില്ലെന്നു പറഞ്ഞു അധികൃതര്‍ ഒഴിഞ്ഞു മാറുന്നു. കൊമ്മാടിയില്‍ മാസങ്ങള്‍ മുമ്പാണ് പ്ലാന്റ് തകരാറിലായത്. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റില്‍ നിന്നും ശുദ്ധജലം ശേഖരിക്കാന്‍ നിരവധി പേര് എത്തുമായിരുന്നു. എന്നാല്‍ പണിമുടക്കിയതോടെ ഇവര്‍ ഇപ്പോള്‍ പൂന്തോപ്പ് സെന്റ്മേരീസ് സ്കൂളിനു സമീപമുള്ള ശുദ്ധജല പ്ലാന്റിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്. പുന്തോപ്പിലുള്ള പ്ലാന്റിനു മുമ്പില്‍ രാവിലെ മുതല്‍ ഇപ്പോള്‍ ആളുകളുടെ നീണ്ട നിരയാണ്. പഴവീട്ടിലെ ശുദ്ധജല പ്ലാന്റ് പ്രവര്ത്തിക്കാതായിട്ടും മാസങ്ങള്‍ കഴിഞ്ഞു. ഇവിടെ രണ്ടു കുഴല്‍ക്കിണറുകളാണുള്ളത്. ഇതില്‍ ഒരു കുഴല്‍ക്കിണര്‍ തകരാറായതോടെയാണ് പ്ലാന്റിലെ പ്രവര്‍ത്തനം നിന്നത്.
തകരാറിലായ കുഴല്‍ക്കിണര്‍ നന്നാക്കാന്‍ ശ്രമിച്ചെങ്കിലും മോട്ടോര്‍ ഇറക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്. ഇവിടെ പുതിയ കുഴല്‍ക്കിണര്‍ സ്ഥാപിച്ചെങ്കില്‍ മാത്രമേ പ്ലാന്റില്‍ നിന്നുള്ള ശുദ്ധജലം വിതരണം ചെയ്യാന്‍ സാധിക്കൂ. പുതിയ കുഴല്‍ക്കിണര്‍ കുഴിക്കണമെങ്കില്‍ അഞ്ചുലക്ഷം രൂപയെങ്കിലും വേണ്ടിവരും. ഈ പ്ലാന്റിലും നിരവധിപേരാണ് വെള്ളത്തിനായി എത്തിയിരുന്നത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പ്ലാന്റുകളില്‍ മെയിന്റനന്‍സ് ജോലികള്‍ ചെയ്യേണ്ടതുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇതിനുള്ള പണം എംഎല്‍എ ഫണ്ടില്‍ നിന്നുമാണ് അനുവദിക്കേണ്ടത്. കൊമ്മാടി പ്ലാന്റില്‍ എംഎല്‍എ ഫണ്ടില്‍ നിന്നും പണം അനുവദിക്കാമെന്നു പറഞ്ഞിട്ടുണ്ടെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്. രണ്ടലക്ഷം രൂപയില്‍ താഴെ മാത്രമേ അറ്റകുറ്റപ്പണിക്കായി വേണ്ടി വരു.
വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള പഴവീട് ആര്‍ഒ പ്ലാന്റ് അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എംപി മന്ത്രിക്ക് കത്ത് നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ പഴവീട് ആര്‍ഒ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു നല്‍കിയതായി എംപി അറിയിച്ചു. നഗരസഭാ പ്രദേശത്തെ വടക്കന്‍ വാര്‍ഡുകളിലെയും ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തിലെയും നൂറുകണക്കിന് ജനങ്ങളുടെ കുടിവെള്ളത്തിനായുള്ള ആശ്രയ കേന്ദ്രമായിരുന്ന കൊമ്മാടി ആര്‍ഒ പ്ലാന്റ് മാസങ്ങളായി പ്രവര്‍ത്തനരഹിതമായതിന്റെ ഫലമായി ജനങ്ങളുടെ കുടിവെള്ളം മുട്ടിയിരിക്കുകയാണ്. നിസാര കേടുപാടുകള്‍ പോലും യഥാമയം പരിഹരിക്കാത്ത ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കൊമ്മാടി യുവജന വായനശാല നിശാപാഠശാലയുടെ മാനേജിങ് കമ്മറ്റി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: