കൊച്ചി: ഓര്‍ക്കിഡ് വസന്തത്തിന് കൊച്ചി ഒരുങ്ങി. നൂറിലേറെ വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട ഓര്‍ക്കിഡുകളുടെയും ബോണ്‍സായി ചെടികളുടെയും പ്രദര്‍ശന വിപണന മേള മറൈന്‍ഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടില്‍ ആരംഭിച്ചു. കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ എന്റര്റ്റൈന്റ്മെന്റ്സും മെട്രോ ഈവന്റ് മേക്കെഴ്സും ചേര്‍ന്നാണ് അന്തര്‍ദേശീയ ഓര്‍ക്കിഡ് മേള സംഘടിപ്പിക്കുന്നത്. ഹൈബി ഈഡന് എംഎല്‍എ മേള ഉദ്ഘാടനം ചെയ്തു. സ്റ്റാര്‍ എന്റര്റ്റൈന്റ്മെന്റ്സ് മാനേജിംഗ് ഡയറക്ടര്‍ ഷമീര്‍ വളവത്ത് , മെട്രോ ഈവന്റ് മേക്കേഴ്സ് എം.ഡി ബിജു അബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു.
കേരളത്തിലാദ്യമായാണ് ഓര്‍ക്കിഡുകള്‍ക്ക് മാത്രമായി ഒരു മേള സംഘടിപ്പിക്കുന്നതെന്നും തായ്ലണ്ട്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഓര്‍ക്കിഡുകളും ചൈനയില്‍ നിന്നുള്ള നൂറിലേറെ ബോണ്‍സായ് ചെടികളും മേളയിലുണ്ടാകുമെന്നും ബിജു അബ്രഹാമും പറഞ്ഞു.
ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ വര്‍ണ്ണങ്ങളിലും രൂപങ്ങളിലുമുള്ള നൂറിലേറെ വ്യത്യസ്ത ഓര്‍ക്കിഡുകള്‍ മേളയില്‍ തയ്യാറാക്കിയിട്ടുണ്ട്. ഡല്ഡ്രോബിയം, ബാസ്ക്കറ്റ് വാന്‍ഡ, ഫിലനോപ്സിസ്, മോക്കാറോ, ഓണ്‍സീഡിയം, കാറ്റില തുടങ്ങി അപൂര്‍വ്വ വിഭാഗത്തില്‍പ്പെട്ട ഓര്‍ക്കിഡുകള്‍ പ്രദര്‍ശനത്തിനുണ്ട്. ഫൈക്കസ് ഇനത്തില്‍ പെട്ട ആല്‍മരം, ചൈനീസ് എം, മോറായ, ഇംഗഌഷ് ബോക്സ് സ്യൂട്ട്, മലേഷ്യയിലെ ഏറെ പ്രശസ്തമായ വാട്ടര്‍ ജാസ്മിന് തുടങ്ങിയ ബോണ്‍സായ് ഇനങ്ങള്‍ മേളയിലെ പ്രധാന ആകര്‍ഷണങ്ങളാണ്. 300 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ വില വരുന്ന ഓര്‍ക്കിഡുകള്‍ പ്രദര്‍ശനത്തിനുണ്ട്. കൈക്കുമ്പിളില്‍ ഒതുങ്ങുന്ന ബോണ്‍സായ് ചെടികള്‍ മുതല്‍ 50 വര്‍ഷം പഴക്കമുള്ള ബോണ്‍സായ് ആല്‍മരം , 31 വര്‍ഷം പഴക്കമുള്ള കുഞ്ഞന്‍ തെങ്ങ്, തുടങ്ങിയവയും കായ്ച്ചു നില്ക്കുന്ന കുള്ളന്‍ പുളിമരവും സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കും.
ഓര്‍ക്കിഡ് മേള 26 ന് സമാപിക്കും. എല്ലാ ദിവസവും കുട്ടികളുടെ മത്സരങ്ങള്‍, വിനോദ പരിപാടികള്‍, ഭക്ഷ്യ മേള എന്നിവയുമുണ്ടാകും. രാവിലെ 11 മണി മുതല്‍ രാത്രി 9 വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: