മറയൂര്‍ : കീഴാന്തൂരില്‍ ഊരുവിലക്കിനെത്തുടര്ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കീഴാന്തൂര്‍ കുടി നിവാസി ഹരിരാമന്‍ (60) നെയാണ് ദേവികുളം സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. കീഴാന്തൂര്‍ വനവാസി കോളനിയിലെ മുന്‍ മൂപ്പന് ഗോപാലകൃഷ്ണന് കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കീഴാന്തൂര്‍ കുടിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കേസില്‍ ഇപ്പോള്‍ പിടിക്കപ്പെട്ട ഹരിരാമനെ കൊല്ലപ്പെട്ട ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അക്രമിച്ചിരുന്നു. ഇതിന്റെ തിരിച്ചടിയാണ് ഗോപാലകൃഷ്ണന് നേരെ ഉണ്ടായ അക്രമം. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ 5 ദിവസം അബോധാവസ്ഥയില്‍ കിടന്ന ഗോപാലകൃഷ്ണന് ബുധനാഴ്ച 3 മണിയോടെയാണ് മരിച്ചത്. അക്രമത്തിന് ശേഷം നാടുവിട്ട ഹരിരാമനെ ഇന്നലെ രാത്രിയാണ് പോലീസ് പിടികൂടിയത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൊലക്കേസ് ഉള്‍പ്പെടെ നാലു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മൂന്നാര്‍ എ.സി.പി. അറിയിച്ചു. 90 പോലീസുകാര്‍ കീഴാന്തൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: