എരുമേലി: വിവാദമായ ചെറുവള്ളി പാട്ടഭൂമി കൈമാറ്റത്തിനായി ഹാജരാക്കിയ രേഖകളെല്ലാം വ്യാജമാണെന്ന് സര്‍ക്കാര്‍ തന്നെ നിയോഗിച്ച വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് അധികാരികള്‍ പൂഴ്ത്തിവച്ചു. 2005 ല്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന് കമ്പനിയില്‍ നിന്നും എരുമേലി തെക്ക് മണിമല വില്ലേജുകളിലായി കിടക്കുന്ന ചെറുവള്ളി റബര്‍ എസ്റ്റേറ്റാണ് തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിലീവേഴ്സ് ചര്‍ച്ച് എന്ന സ്ഥാപനത്തിനായി വാങ്ങിയത്.
ചെറുവള്ളി പാട്ടഭൂമിഅനധികൃത കച്ചവടം വിവാദമായതോടെ സര്‍ക്കാര്‍ തന്നെ നിയോഗിച്ച വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടാണ് 19-1-2011 ല്‍ നല്‍കിയത്. എന്നാല്‍ വിജിലസ് സംഘം കണ്ടെത്തിയ പാട്ടഭൂമി കച്ചവടത്തിന്റെ വ്യാജരേഖകള്‍ ഒന്നൊന്നായി പരിശോധിച്ചതടക്കം വ്യക്തമായ തെളിവുകള്‍ സഹിതം നല്കിയ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ തന്നെ പൂഴ്ത്തിവച്ചിരിക്കുന്നതെന്നും ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി അജികുമാര്‍ പറഞ്ഞു.
സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് ഉപയോഗിച്ചിരുന്നതായി ചെറുവള്ളി എസ്റ്റേറ്റുകാര്‍ ഹാജരാക്കിയ രേഖകളില്‍ പലതും സര്‍ക്കാര്‍ രൂപയിലുള്ള ആധാരങ്ങളും മറ്റുമായിരുന്നു. 1923 ല്‍ ‘അണ’ ഉപയോഗിച്ചിരുന്ന കാലത്ത് ഇതേ കാലയളവില്‍ തന്നെ രൂപയുടെ ആധാരവും മുഴുവന്‍ രേഖകളും ഇംഗ്ലീഷില്‍ തന്നെ ടൈപ്പ് ചെയ്ത് ഉപയോഗിച്ചിരുന്നതായുമുള്ള വ്യാജരേഖയാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.
ഭൂമി അളക്കുന്നതില്‍ ആര്, ഹെക്ടര്‍ എന്ന രീതിപോലും പിന്നീടുണ്ടായതാണെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പാട്ടഭൂമി കൈവശപ്പെടുത്താന്‍ മുന്‍ പ്രമാണമെന്ന നിലയില്‍ ഹാജരാക്കിയ ആധാരത്തില്‍ പതിച്ചിരുന്ന ഒപ്പും സീലും അടക്കം വ്യാജമാണെന്നും സംഘം തെളിവുകള്‍ സഹിതം കണ്ടെത്തിയിട്ടുണ്ട്. ഒ.പി(സി)നം.3508/2011 നമ്പറായി സര്‍ക്കാര്‍ സ്പെഷ്യല്‍ പ്ലീഡര്‍ സുശീലഭട്ടിന് വിജിലന്‍സ് അന്വേഷണസംഘം നല്കിയ റിപ്പോര്‍ട്ടില്‍ യോഹന്നാന് ബന്ധുക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 100 ഓളം പേരെ നേരില്‍ കണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ട് രണ്ടു വര്‍ഷമായി പൂഴ്ത്തിവച്ചതായും വി.സി അജികുമാര്‍ പറഞ്ഞു.
നൂറുപേജോളം വരുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ ആധാരത്തിന്റെ കോപ്പി, ‘അണ’യുടെ ചിത്രം, ആധാരത്തിന്റെ ഒപ്പിന്റെ ചിത്രം, ആധാരത്തിനായി ഉപയോഗിച്ച പേപ്പറിന്റെ ഗുണനിലവാരം അടക്കം വരുന്ന കാര്യങ്ങള്‍ വിശദമായി പരിശോധിച്ചിരുന്നതായും ചൂണ്ടിക്കാട്ടുന്നു.
ചെറുവള്ളി പാട്ടഭൂമി കൈമാറ്റത്തിനായി ഉപയോഗിച്ച രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയ വിജിലന്‍സ് റിപ്പോര്ട്ടിന്മേല് തുടര്‍ നടപടികളെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതുമില്ല. ഭൂമി കൈമാറ്റം അനധികൃതമാണെന്ന് സര്‍ക്കാരിന് തന്നെ ബോധ്യമായിട്ടും വിജിലന്‍സ് റിപ്പോര്‍ട്ട് അടക്കം ലഭിച്ച മറ്റ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ വരെ പൂഴ്ത്തി വയ്ക്കാനാണ് സര്‍ക്കാരും ചില ഉന്നത ഉദ്യോഗസ്ഥരും ശ്രമിച്ചതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
ചെറുവള്ളി തോട്ടത്തിനെതിരെയുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭൂമി കൈമാറ്റമടക്കം ചെറുവള്ളി എസ്റ്റേറ്റുകാര്‍ നല്കിയകേസുകള് പോലും അസ്ഥിരമാകുമെന്ന അവസ്ഥ സംജാതമായിരിക്കേയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചിരിക്കുന്നതെന്നും വി.സി അജികുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: