ആലപ്പുഴ: കുട്ടനാട് കാര്‍ഷികമേഖലാ വ്യവസായബന്ധസമിതി കുട്ടനാട്ടിലെ നെല്ല് ചുമട്ടു കൂലി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. ലേബര്‍ കമ്മീഷണറുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ഡോ.ജി.എല്‍. മുരളീധരന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 50 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ നെല്ല് ചാക്കില്‍ നിറച്ച് തൂക്കി വള്ളത്തില്‍ കയറ്റുന്നതിന് ക്വിന്റലിന് 70 രൂപയായും 50 മീറ്റര്‍ ദൂരം കഴിഞ്ഞ് അധികം വരുന്ന ഓരോ 25 മീറ്റര്‍ ദൂരത്തിനും അഞ്ച് രൂപയായും തീരുമാനിച്ചു.
കളങ്ങളില്‍ നെല്ല് ചാക്കില്‍ നിറച്ച്, ചാക്ക് തുന്നി, തൂക്കി നേരിട്ട് ലോറിയില്‍ കയറ്റി കൊടുക്കുന്നതിന് ക്വിന്റലിന് 90 രൂപയായും കടവുകളില്‍ നിന്ന് നെല്ല് ലോറിയില്‍ കയറ്റുന്നതിന് ക്വിന്റലിന് 30 രൂപയായും നിശ്ചയിച്ചു. പുതുക്കിയ കൂലി നിരക്കിന് 2014 ഒക്ടോബര്‍ 15 മുതല്‍ 2015ലെ രണ്ടാം കൃഷി വിളവെടുപ്പു വരെ പ്രാബല്യം ഉണ്ടായിരിക്കും. മേല്‍ നിരക്കില്‍ കൂടുതല്‍ കൂലി വാങ്ങിയാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും വ്യവസായബന്ധസമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: