മാവേലിക്കര: മനുഷ്യാവകാശ കമ്മീഷന് സിറ്റിങ്ങില്‍ വിവിധ കേസുകള്‍ പരിഗണിക്കവെ പോലീസിനെതിരെ രൂക്ഷ വിമര്‍ശനം. ജില്ലാ പോലീസ് മേധാവിക്ക് നാണക്കേടുണ്ടാക്കുന്ന പോലീസുകാര്‍ ജില്ലയില്‍ വര്‍ദ്ധിച്ചുവരികയാണെന്ന് മനുഷ്യാവകാശ കമ്മീഷനംഗം ആര്. നടരാജന് പറഞ്ഞു. പോലീസിനെതിരെ ലഭിക്കുന്ന നിരവധി പരാതികളില്‍ ജില്ലാ പോലീസ് മേധാവി, ചെങ്ങന്നൂര്‍ ഡിവൈഎസ്പി എന്നിവരുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ കിട്ടിയിട്ടില്ലെന്ന് എസ്പിക്കും ഡിവൈഎസ്പിക്കും വേണ്ടി ഹാജരായ മാവേലിക്കര എസ്ഐ അറിയിച്ചു. എന്നാല്‍ കേസ് നമ്പര്‍ നോക്കി പരിശോധിച്ചപ്പോള്‍ ചില കേസുകളില്‍ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടുകള്‍ ഉള്ളതായി കണ്ടെത്തി. തുടര്‍ന്നാണ് പോലീസിനെതിരെ കമ്മീഷനംഗം വിമര്‍ശനം നടത്തിയത്.
ഒരു മാസം മുന്‍പ് നടന്ന ഒരു സിറ്റിങ്ങില്‍ കേസ് സിഡിയുണ്ടോയെന്ന കമ്മീഷനംഗത്തിന്റെ ചോദ്യത്തിന് വീഡിയോ സിഡി കൊണ്ടുവന്നിട്ടില്ലെന്ന് ഒരു പോലീസുകാരന് പറഞ്ഞതും അദ്ദേഹം പരാമര്‍ശിച്ചു. കായംകുളം പോലീസ് പതിനേഴുകാരനായ മകനെ പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചതായി കാട്ടി അച്ഛനും അമ്മയും നല്കിയ പരാതിയില്‍ കായംകുളം എസ്ഐ: സഞ്ജയിനെ വിളിച്ചു വരുത്തി വിശദീകരണം തേടി. ബുധനൂര്‍ സ്വദേശി രാമസുന്ദരത്തെ മാന്നാര്‍ പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതായുള്ള പരാതിയില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്കി.
സര്‍വെ സംബന്ധമായ പരാതികളില്‍ നിരവധി തവണ കത്തയച്ചിട്ടും എതിര്‍കക്ഷികള്‍ റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന റിപ്പോര്‍ട്ട് നല്കിയ ആലപ്പുഴ സര്‍വെ സൂപ്രണ്ടിനെ കമ്മീഷനംഗം ശാസിച്ചു. ഇത് കേസ് നീട്ടിക്കൊണ്ടുപോകാനും എതിര്‍കക്ഷികളെ സഹായിക്കാനുമാണെന്ന് സംശയിക്കേണ്ടി ഇരിക്കുന്നുവെന്നും എതിര്‍കക്ഷികളുടെ വിശദീകരണം വാങ്ങി കമ്മീഷന് സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: