ആലപ്പുഴ: വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി മണ്ണഞ്ചേരി പോലീസ് സ്റ്റേഷന് കെട്ടിടത്തിന്റെ സമീപ സ്ഥലം സ്വകാര്യ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ പൊതുലൈബ്രറി പ്രവര്‍ത്തിക്കുന്നതിനും ഫുട്ബോള്‍ കോര്‍ട്ടിന് അനുവദിച്ചതിലും പ്രതിഷേധമുയരുന്നു. വ്യവസ്ഥകള്‍ ലംഘിച്ച സാഹചര്യത്തില്‍ സ്റ്റേഷന് കെട്ടിടത്തിന് ഉപയോഗിക്കാത്ത സ്ഥലം മടക്കി നല്‍കണമെന്ന് മണ്ണഞ്ചേരി കരിങ്ങാട്ടം പള്ളില് കുടുംബയോഗം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് 1885-ാമാണ്ടില്‍ കരിങ്ങാട്ടം പള്ളില് കുടുംബക്കാരണവര്‍ കേശവന് നാരായണന് ഒരേക്കര്‍ 57 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയത്. ഈ സ്ഥലം പൂര്‍ണമായും പോലീസ് സ്റ്റേഷന് വേണ്ടി മാത്രമാണെന്നും അല്ലാത്തപക്ഷം സ്ഥലം കുടുംബത്തിന് തിരികെ നല്‍കണമെന്നുമായിരുന്നു വ്യവസ്ഥ. നിലവില്‍ പഞ്ചായത്തിന്റെ ഒത്താശയോടെ പലരും ഭൂമി കൈയേറിയതിനാല്‍ ഒരേക്കര്‍ 31 സെന്റ് സ്ഥലം മാത്രമാണിവിടെയുള്ളത്. പുതിയ പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മ്മിച്ച സാഹചര്യത്തില്‍ പഴയ കെട്ടിടമാണ് ഒരു പത്രസ്ഥാപനത്തിന്റെ സഹായത്തോടെ ജനമൈത്രി പോലീസ് പബ്ലിക് ലൈബ്രറിയാക്കി മാറ്റുന്നത്.
ഈ കെട്ടിടവും സ്ഥലവും വിട്ടുനല്‍കണമെന്നാണ് കുടുംബ ട്രസ്റ്റ് ഭാരവാഹികളായ രമാകുമാരി ദേവി, ഹരികുമാര്‍ നായര്‍, കെ.ആര്. ശ്രീകുമാര്‍, ശ്യാമളാദേവി കുഞ്ഞമ്മ, എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. സര്‍ക്കാരിന് ഇതുസംബന്ധിച്ച് അപേക്ഷ നല്‍കുമെന്നും, അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: