പെരിയാര്‍ ഒഴുകുകയാണ് ശാന്തമായി….ഓളങ്ങള്‍ക്ക് മീതെ കാറ്റിന്റെ അലയുടെ ചൂളം വിളി മാത്രം….നദിയെ പ്രണയിച്ച് അവളുടെ കൊഞ്ചലുകളെ കൊലുസിന്റെ കിലുക്കത്തോടുപമിച്ച മലയാളത്തിന്റെ കാവ്യഗന്ധര്വ്വന്…വയലാര്‍ രാമവര്‍മ്മ…മദ്യലഹരിയില്‍ മുങ്ങി തീരത്തിരിക്കുന്നു…അണിയറയില്‍ ദേവരാജന്‍ മാഷിന്റെ ശബ്ദത്തില്‍ ആയിരം പാദസരങ്ങള്‍ കിലുങ്ങീ….എന്ന ഗാനം…അനുവാചകഹൃദയങ്ങളെ ആനന്ദത്തിലാറാടിച്ച രണ്ടര മണിക്കൂറുകള്‍…ഇത് സത്യമോ മിഥ്യയോ.. എന്ന് പ്രേക്ഷകന് സംശയം തോന്നുന്ന രംഗങ്ങള്‍…മലയാളിയുടെ പ്രിയകവി ഇവിടെ പുനര്‍ജനിക്കുകയായിരുന്നു… ചേര്‍ത്തല രാജന് എന്ന കലാകാരനിലൂടെ…..
കൊച്ചിന് സംഘചിത്രയുടെ അമരഗന്ധര്‍വ്വന്‍ എന്ന നാടകത്തിലെ രംഗങ്ങളാണിത്. വയലാര്‍ രാമവര്‍മ്മയുടെ മൂന്ന് വയസ്സു മുതല്‍ മരണം വരെയുള്ള കാലഘട്ടങ്ങളെ പ്രേക്ഷകനു മുന്നില്‍ എത്തിക്കുന്ന ജീവിതഗന്ധിയായ നാടകം. ഇതില്‍ മുഖ്യ കഥാപാത്രമായ കവിയുടെ വേഷം അഭിനയിക്കുന്നത് ചേര്‍ത്തല രാജന് എന്ന കലാകാരനാണ്. നടനും, സംവിധായകനും, നാടകസമിതി ഉടമയുമൊക്കെയായി തന്റെ ജീവിതം നാടകത്തിന് വേണ്ടി ഉഴിഞ്ഞ് വച്ച കലാകാരന്…നാലരപ്പതിറ്റാണ്ട് നീണ്ടു നിന്ന അഭിനയ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുകയാണ് അമരഗന്ധര്വ്വനിലെ ഈ കഥാപാത്രം. വയലാര്‍ നമ്മുടെ കണ്മുന്നില് ജീവിച്ച് മരിക്കുന്നു… കാഴ്ചക്കാരന് നെഞ്ച് പൊട്ടുന്ന വേദന സമ്മാനിച്ച് കവി ഈ ലോകത്തോട് വിടപറയുമ്പോള്‍ നാടകത്തിന് തിരശ്ശീല വീഴുന്നു…പിന്നെ വേദിയില്‍ ആയിരങ്ങളുടെ നീണ്ട കരഘോഷം…
2013 ലാണ് ഈ നാടകം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. എണ്‍പതോളം വേദികള്‍. ചേര്‍ത്തല രാജന് അഭിനയിക്കുകയായിരുന്നില്ല..ജീവിക്കുകയായിരുന്നു…വയലാര്‍ രാമവര്‍മ്മയായി…ഇത്രയേറെ അഭിനന്ദനം ഏറ്റുവാങ്ങിയ ഒരു കഥാപാത്രവും താന്‍ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഓരോ വേദിയിലും നാടകം കഴിയുമ്പോഴും നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയകവിയെ ഭംഗിയായി അവതരിപ്പിച്ച പ്രതിഭയെ ഒരുനോക്കു കാണുവാനും, അഭിനന്ദനം അറിയിക്കുവാനും എത്തുന്നത്.. പ്രേക്ഷകലക്ഷങ്ങളുടെ അകമഴിഞ്ഞ ഈ പ്രോല്‍സാഹനം തന്നെയാണ് ഏറ്റവും വലിയ അവാര്‍ഡെന്ന് നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു.
ചേര്‍ത്തല നഗരസഭ 23-ാം വാര്‍ഡില്‍ മഠത്തില്‍ ഗോപാലകൃഷ്ണന്‍നായരുടെയും, രത്നമ്മയുടെയും മകനായ രാജന് തന്റെ കലാജീവിതം തുടങ്ങുന്നത് സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിലാണ്. ഏകാങ്ക നാടക അഭിനയത്തിലൂടെയായിരുന്നു പ്രവേശനം. 1972 ല്‍ മുട്ടം സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ കീഴിലെ മരിയന്‍ സൊഡാലിറ്റി ക്ലബ്ബിന്റെ ബ്ലാക്ക് മണി എന്ന നാടകത്തിലെ പെണ്‍വേഷം ഏറെ ജനശ്രദ്ധ നേടി. രാജന്റെ ഉറ്റ സുഹൃത്തും നടനുമായിരുന്ന അന്തരിച്ച രാജന്.പി. ദേവാണ് ഈ നാടകത്തില്‍ ഹാസ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് ഇരുവരും ഒന്നിച്ച് നിരവധി വേദികള്‍ പിന്നിട്ടു.
1974ലെ കേരളസര്‍വ്വകലാശാല നാടകോല്‍സവത്തില്‍ മികച്ച നടനായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അന്ന് ചേര്‍ത്തല എന്‍എസ്എസ് കോളേജില്‍ നടന്ന സ്വീകരണയോഗത്തില്‍ രാജന് സമ്മാനം നല്‍കിയത് സാക്ഷാല്‍ വയലാര്‍ രാമവര്‍മ്മയായിരുന്നു. ഈ കൂടിക്കാഴ്ച കവിയുടെ തറവാടായ രാഘവപ്പറമ്പ് കോവിലകത്തേക്ക് ഈ കലാകാരനെ എത്തിച്ചു. തൊട്ടടുത്തുനിന്നറിഞ്ഞ കവിയെ വേദിയില്‍ അവതരിപ്പിക്കാന്‍ രാജന് അനായാസം കഴിഞ്ഞു.
ചേര്‍ത്തല നൃത്തശാല ഒരുക്കിയ ചിലപ്പതികാരം എന്ന നാടകത്തിലെ കോവിലനിലൂടെയാണ് രാജന് പ്രൊഫഷണല്‍ നാടകരംഗത്ത് ചുവടുറപ്പിച്ചത്. ചേര്‍ത്തല ആര്.കെ, ആലപ്പുഴ മലയാള കലാഭവന്‍,ആലുവ ശാരിക, ചേര്‍ത്തല ഷൈലജ, കൊച്ചിന് സര്‍ഗചേതന, കൊച്ചിന് ദ്രോണ അങ്ങനെ രാജന് നാടകം കളിച്ച സമിതികള്‍ നിരവധിയാണ്. പിന്നീട് യവനിക എന്ന പേരില്‍ സ്വന്തമായി ഒരു നാടകസമിതി, യവനികയുടെ നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്യുകയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തത് രാജന് ആയിരുന്നു. യവനികയിലെ നായികയായിരുന്ന ഐബിയെ വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് തന്റെ ജീവിതസഖിയായി ഒപ്പം കൂട്ടി നായകന്റെ തന്റേടം സ്വജീവിതത്തിലും കാട്ടി ഈ കലാകാരന്. തിരൂര്‍ ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റി സംഘടിപ്പിച്ച നാടക മല്‍സരത്തില്‍ മികച്ച നടനും നടിക്കുമുള്ള അവാര്‍ഡുകള്‍ ഈ ദമ്പതികള്‍ക്കായിരുന്നു.
നേവിയില്‍ ജോലി ലഭിച്ചതോടെ യവനികയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. പിന്നീട് യവനിക എന്ന സ്വന്തം സമിതി വീണ്ടും സജീവമാക്കാന്‍ ശ്രമിച്ചെങ്കിലും ലക്ഷങ്ങളുടെ കടബാധ്യത കാരണം മുന്നോട്ടു കൊണ്ടുപോകുവാനായില്ല. ഐതിഹ്യമാല, ജ്വാലയായ്, ഗന്ധര്‍വ്വയാമം, സ്വന്തം തുടങ്ങിയ സീരിയലുകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
സമിതിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി അവസാനിപ്പിച്ച് രാജന് കൊച്ചിന് സംഘചിത്രയുടെ അമരഗന്ധര്‍വ്വന്‍ എന്ന നാടകത്തിലൂടെ പ്രശസ്തിയുടെ ലോകത്തേക്ക് കുതിക്കുകയാണ്. അംഗീകാരങ്ങള്‍ക്ക് വേണ്ടി ആരുടെയും മുന്നില്‍ മുട്ടു കുത്താത്ത പ്രകൃതം…പതിറ്റാണ്ടുകളായി കലാരംഗത്ത് സജീവമെങ്കിലും സമ്പാദ്യമെന്താണെന്ന് ചോദിച്ചാല്‍ എല്ലാ കലാകാരന്മാരെയും പോലെ തന്നെ കാലിയായ പോക്കറ്റു കാട്ടി മറുപടി ഒരു ചിരിയിലൊതുക്കും.
ഉത്സവപ്പറമ്പുകളിലെ നാടകവേദികളില്‍ ആരും അറിയാതെ, കാണാത പോയ ഈ കലാകാരനെ ലോകം അറിഞ്ഞത് വയലാറിനെ അവതരിപ്പിച്ചു തുടങ്ങിയതോടെയാണ്. ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്ന് പാടിയ കവി വാചകങ്ങളെ അന്വര്‍ത്ഥമാക്കി വിപ്ലവകാരിയും, ഈശ്വര വിശ്വാസിയും ഒക്കെയായ വയലാര്‍ ആയി ചേര്‍ത്തല രാജന് വേദികളില്‍ നിറഞ്ഞാടുകയാണ്. കറുത്ത കട്ടി ഫ്രെയിമുള്ള കണ്ണടയും പുറകോട്ട് ചീകിയൊതുക്കിയ മുടിയും വെള്ള ഷര്‍ട്ടു മൊക്കെയിട്ട് പൂമുഖത്തെ ചാരുകസേരയില്‍… മലയാളി ചിത്രങ്ങളില്‍ കണ്ട വയലാറിന്റെ അതേ രൂപം ഒരു നിമിഷം രാഘവപ്പറമ്പ് കോവിലകത്തിന്റെ പൂമുഖത്തിണ്ണയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും. കഥാപാത്രത്തെ വളരെ തന്മയത്വത്തോടെയാണ് രാജന് അവതരിപ്പിച്ചിരിക്കുന്നത്.
മലയാളത്തിന്റെ ഗാനഗന്ധര്വ്വന്, വയലാറിന്റെ പാട്ടുകളിലൂടെ മലയാളി മനസ്സിനെ കീഴടക്കിയ യേശുദാസ് ഒരുകാലത്ത് രാഘവപ്പറമ്പിലെ നിത്യ സന്ദര്‍ശകനായിരുന്നു. വയലാര്‍ മരിച്ചപ്പോള്‍ അദ്ദേഹം എത്തുകയോ കവിയുടെ കുടുംബത്തെ കാണുകയോ ഉണ്ടായിട്ടില്ലെന്ന് വയലാറിന്റെ ഭാര്യ ഭാരതി തമ്പുരാട്ടി 2006ല്‍ പുറത്തിറക്കിയ തന്റെ ജീവചരിത്രത്തില്‍ പറയുന്നുണ്ട്.
അന്ന് വിവാദമായ അതേ സംഭവങ്ങള്‍ നാടകത്തിലും പുനരാവിഷ്ക്കരിച്ചിട്ടുണ്ട്. യേശുദാസ് വരില്ല എന്ന് വിറയാര്‍ന്ന ചുണ്ടുകളോടെ വിലപിച്ചാണ് കവി മരണത്തിന് കീഴടങ്ങുന്നത്. ഇതേ ചോദ്യങ്ങള്‍ പ്രേക്ഷകമനസ്സുകളില്‍ അവശേഷിപ്പിച്ചാണ് നാടകത്തിന് തിരശ്ശീല വീഴുന്നത്.
നൂറിലധികം നാടകങ്ങള്‍, മൂവായിരത്തോളം വേദികള്‍, രാജന് പിന്നിട്ട വഴികള്‍ അത്ര ചെറുതല്ല.
കലാകാരന്മാരുടെ സംഘടനയായ സവാക്ക് ഓഫ് ഇന്‍ഡ്യ യുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. കെ.കെ.ആര്. കായിപ്പുറം രചനയും, ആലപ്പി ഋഷികേശ് നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്ന നാടക ത്തിന് അവതരണഗാനം എഴുതിയത് വയലാര്‍ രാമവര്‍മ്മയുടെ മകനും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്മ്മയാണെന്ന പ്രത്യകത കൂടി ഈ നാടകത്തിനുണ്ട്. ജയന് തിരുമനയാണ് സംവിധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: