മറയൂര്‍ : മറയൂരിലും കാന്തല്ലൂരിലും ചന്ദനം കടത്തിന് അറുതിയില്ല. ആറുമാസത്തിനിടെ 24 ചന്ദനമരങ്ങളാണ് മോഷണം പോയത്. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും സ്വകാര്യവ്യക്തികളുടെ പുരയിടത്തില്‍ വളര്‍ന്നതുമായി ചന്ദനങ്ങളാണ് ഇവ.
കാന്തല്ലൂര്‍ റെയ്ഞ്ചിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 18 കേസുകളാണ് കാന്തല്ലൂര്‍ റെയ്ഞ്ച് ഓഫീസ് പരിധിയില്‍ നിന്നും റിപ്പോര്‍ട്ടായത്. മറയൂരില്‍ അഞ്ച് ആറുകേസുകളാണെടുത്തത്. 12 കേസുകളില്‍ ചന്ദനം പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 45 പ്രതികളെയാണ് ഇതുവരെ പിടികൂടിയിരിക്കുന്നത്. വനംവകുപ്പിന്റെ കണക്ക് പ്രകാരം നൂറ് കിലോ ചന്ദനമാണ് ആറുമാസത്തിനിടെ കടത്തിയത്. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് സര്ക്കാരിനുണ്ടായിരിക്കുന്നതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. കാന്തല്ലൂര്‍ പ്രദേശത്ത് സ്വകാര്യവ്യക്തികളുടെ പുരയിടത്തില്‍ നിന്ന് ലക്ഷങ്ങള്‍ വിലരുന്ന ചന്ദനം വനംവകുപ്പ് അറിയാതെ കടത്തിയിട്ടുണ്ട്.
ഇതിന് മറയൂര്‍ പോലീസ് സ്റ്റേഷനില്‍ കേസും നിലനില്‍ക്കുന്നുണ്ട്. മിക്ക ചന്ദനക്കടത്ത് കേസുകളിലും മുഖ്യ പ്രതികള്‍ കാണാമറയത്താണ് എന്നതാണ് വാസ്തവം. എല്ലാ കേസുകളിലും പിടിയിലാകുന്നവര്‍ക്ക് തമിഴ്ബന്ധമുണ്ട്. ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരാണ് ചന്ദന മാഫിയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: