ആലപ്പുഴ: ജില്ലാ ഭരണസിരാകേന്ദ്രത്തിന് സമീപത്തെ സര്‍ക്കാര്‍ സ്കൂളിനു നേരെ സാമൂഹ്യവിരുദ്ധ ആക്രമണം. കളക്ട്രേറ്റിന് സമീപത്തെ ഗവ. മുഹമ്മദന്‍സ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു നേരെ കഴിഞ്ഞ രാത്രിയാണ് സാമൂഹ്യവിരുദ്ധര്‍ ആക്രമണം നടത്തിയത്. സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പലിന്റെ ഓഫീസ് റൂമിന്റെ ജനല്‍ ചില്ലുകളും സമീപത്തെ ക്ലാസ് റൂമിന്റെ ജനല്‍ച്ചില്ലുകളും തകര്‍ത്തു. പ്രിന്‍സിപ്പലിന്റെ റൂമിന്റെ ജനലിനോട് ചേര്‍ന്നുകിടന്ന മേശയിലുണ്ടായിരുന്ന ഫയലുകള്‍ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. കെട്ടിടത്തിനു പിന്നിലെ മതില് ചാടിക്കടന്നാണ് അക്രമികള്‍ സ്കൂള്‍ വളപ്പിനുള്ളില്‍ കടന്നതെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ സ്കൂളിലെത്തിയ പ്രിന്‍സിപ്പലാണ് അക്രമവിവരം ആദ്യം അറിയുന്നത്. തുടര്‍ന്ന് സൗത്ത് പോലീസില്‍ വിവരം അറിയിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മുമ്പും സമാനമായ രീതിയില്‍ സ്കൂളില്‍ ആക്രമണമുണ്ടായിട്ടുണ്ട്. അക്രമികളെ കുറിച്ച് സ്കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ അവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. അതിനാലാണ് ആക്രമണം വീണ്ടുമുണ്ടാകാന്‍ കാരണമെന്ന് സ്കൂള്‍ അധികൃതര്‍ ആരോപിച്ചു.
ആഴ്ചകള്‍ മുമ്പ് സ്കൂള്‍ വളപ്പിലെ പിത്തള പൈപ്പുകള്‍ മോഷണം പോയിരുന്നു. മൂന്നുവര്‍ഷം മുമ്പ് സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചിരുന്നു. ഉയര്‍ന്ന വിജയശതമാനമുള്ള സര്‍ക്കാര്‍ വിദ്യാലയമായ ഗവ. മുഹമ്മദന്‍സ് സ്കൂളിനെതിരെ നടക്കുന്ന സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങള്‍ തടയാന്‍ സത്വരനടപടികള്‍ വേണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം. കെ.സി വേണുഗോപാല്‍ എംപി സ്കൂള്‍ സന്ദര്‍ശിച്ചു. ജില്ലാപോലീസ് മേധാവി കെ.കെ ബാലചന്ദ്രന് നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: