ഹരിപ്പാട്: ജീവപര്യന്തം ശിക്ഷയില്‍ ഇളവ് വാങ്ങി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ യുവാവ് ഭാര്യയേയും മകനെയും വെട്ടിപരിക്കേല്‍പ്പിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആറാട്ടുപുഴ പുത്തന്‍ കോയിക്കല്‍ വീട്ടില്‍ അനില്‍കുമാറി (പുണര്തന്-38)നെയാണ് എസ്ഐ: കെ.ടി സന്ദീപും സംഘവും അറസ്റ്റ് ചെയ്തത്. നാലുദിവസം മുമ്പാണ് അനില്‍കുമാര്‍ ഭാര്യ മിനിമോളെ വെട്ടുകത്തിക്ക് വെട്ടി പരിക്കേല്‍പ്പിക്കുകയും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകന് അഖിലിനെ മര്‍ദ്ദിക്കുകയും ചെയ്തത്. ഇരുവരും ചികിത്സയിലാണ്.
മിനിമോളുടെ അമ്മുമ്മയെ 2007 ചവിട്ടി കൊന്ന കേസില്‍ അനില്‍കുമാറിനെ മാവേലിക്കര സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. ജയിലില്‍ കഴിഞ്ഞ ഇയാള്‍ ഹൈക്കോടതിയെ സമീപിച്ച് ശിക്ഷയില്‍ ഇളവ് വാങ്ങി എട്ടു മാസം മുമ്പാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. വീട്ടില്‍ എത്തിയ ഇയാള്‍ നിരന്തരം ഭാര്യയെയും മക്കളെയും ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു.
നാലുദിവസം മുമ്പ് നടന്ന സംഭവത്തില്‍ അനില്‍ കുമാറിനയതിരെ തൃക്കുന്നപ്പുഴ പോലീസ് കേസ് എടുത്തിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അനില്‍കുമാര്‍ കരുനാഗപ്പള്ളി വവ്വാക്കാവിലുള്ള ഇയാളുടെ ഇളയമ്മയുടെ വീട്ടില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ എസ്ഐയും സിവില്‍ പോലീസ് ഓഫീസര്‍ രാധാകൃഷ്ണനും ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഹരിപ്പാട് കോടതിയില്‍ അനില്‍കുമാറിനെ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: