പുന്നപ്ര: തടി കയറ്റി പോയ ലോറി മറിഞ്ഞു. ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. അപകടകാരണം അമിതഭാരവും, തെരുവുവിളക്കില്ലാത്തതും. ദേശീയപാതയില്‍ പുന്നപ്ര കപ്പക്കടയ്ക്കു സമീപം 15ന് പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും പെരുമ്പാവൂരിലേക്ക് പോയ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാരും, പുന്നപ്ര എസ്ഐ: എം.കെ. രമേശിന്റെ നേതൃത്വത്തിലുളള പോലീസുകാരുമാണ് ലോറിയ്ക്കുളളില് കുടുങ്ങിയ തിരുവനന്തപുരം സ്വദേശികളായ ഡ്രൈവര്‍ അഭിലാഷിനെയും ക്ലീനര്‍ ലാലിനെയും പുറത്തെടുത്തത്. ഇതേത്തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. പീന്നീട് രക്ഷാപ്രവര്‍ത്തനത്തിലൂടെ റോഡില്‍ ചിതറിക്കിടന്ന തടികള്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് മാറ്റിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. തടി കയറ്റിപ്പോയ നാലോളം ലോറികളാണ് കഴിഞ്ഞ അഞ്ചുമാസത്തിനുളളില്‍ കപ്പക്കട പ്രദേശത്ത് അപകടം വരുത്തിവെച്ചത്. സന്ധ്യ കഴിഞ്ഞാല്‍ ഈ പ്രദേശങ്ങളില്‍ വൈദ്യുതി വിളക്ക് പ്രകാശിക്കാത്തത് പല അപകടങ്ങള്‍ക്കും വഴിയൊരുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: