യാത്രകള്‍ ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും യാത്ര ചെയ്യാനുള്ള അവസരമൊരുക്കി വ്യത്യസ്ഥയാകുകയാണ് ജ്യോതി നായര്‍. ആരെയും ആശ്രയിക്കാതെ സ്ത്രീകള്‍ക്ക് മാത്രമായി യാത്ര ചെയ്യാവുന്ന പദ്ധതിയുമായി സ്ത്രീകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു ജ്യോതി. പത്തു രാജ്യങ്ങളും 18 സംസ്ഥാനങ്ങളും ഇതിനകം ജ്യോതി സന്ദര്‍ശിച്ചു കഴിഞ്ഞു.
വൈക്കം സ്വദേശിയായ ജ്യോതി ബംഗളൂരുവിലെ ഐടി കമ്പനിയിലെ മികച്ച ജോലി ഉപേക്ഷിച്ചാണ് ട്രാവല്‍ മേഖലയിലെത്തിയത്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാത്രം യാത്ര ചെയ്യാനുള്ള ഒരു ട്രാവല്‍ കമ്പനി ആയിരുന്നു ജ്യോതിയുടെ ലക്ഷ്യം. ബിസിനസില്‍ മുന്പരിചയമില്ലായിരുന്നെങ്കിലും ആത്മവിശ്വാസം കൂട്ടിനുണ്ടായെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തിലുള്ള മാതാപിതാക്കളും സുഹൃത്തുക്കളും പിന്തുണച്ചപ്പോള്‍ ജ്യോതിയുടെ ബിസിനസ് സംരംഭത്തിനു തുടക്കമായി. അങ്ങനെ 2012-ല്‍ ‘ബ്യൂട്ടിഫുള്‍ ജേര്‍ണി’ എന്ന സംരംഭം ആരംഭിച്ചു. സ്ഥാപനത്തിന്റെ സിഇഒ ആണ് ജ്യോതി. പെണ്‍കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പെടുത്തി ഗ്രൂപ്പ് ടൂറുകളാണ് നടത്തുന്നത്. ഭാരതത്തിനകത്തും പുറത്തും യാത്രചെയ്യാനുള്ള അവസരം ബ്യൂട്ടിഫുള്‍ ജേര്‍ണി ഒരുക്കുന്നു.
യുഎസില്‍ നിന്ന് പൈലറ്റ് ലൈസന്‍സ് നേടിയിട്ടുള്ള ജ്യോതി ഐബിഎം, എച്ച്പി, എസ്എപി തുടങ്ങിയ പ്രമുഖ കമ്പനികളില്‍ 15 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുമുണ്ട്.
‘സ്ത്രീകള്‍ക്ക് യാത്ര ചെയ്യാനുള്ള ആഗ്രഹം ഉണ്ടാവുക സ്വാഭാവികമാണ്. സമൂഹത്തെ പേടിച്ച് പലപ്പോഴും യാത്ര ചെയ്യാന്‍ അവര്‍ക്ക് സാധിക്കാറില്ല. അവരുടെ ബന്ധുക്കള്‍ തന്നെ അതിനെ നിരുത്സാഹപ്പെടുത്തും. ഈ പ്രശ്നത്തിനു പരിഹാരമാണ് താന്‍ കണ്ടെത്തിയത്’- ജ്യോതി പറഞ്ഞു.
2012 ഏപ്രിലില്‍ തുടങ്ങിയ ഈ സ്ഥാപനം ഇതിനകം ധാരാളം യാത്രകള്‍ നടത്തിക്കഴിഞ്ഞു. ഭാരതത്തിനുപുറത്ത് അബുദാബിയിലേക്കായിരുന്നു ആദ്യ യാത്ര. ഓരോ യാത്രയ്ക്കും നല്ല രീതിയിലുള്ള തയ്യാറെടുപ്പ് ആവശ്യമുണ്ടെന്ന് ജ്യോതി പറയുന്നു. പൂര്‍ണ സുരക്ഷയും ആഹ്ലാദവും ഉറപ്പുവരുത്താനാണിത്. യാത്രയെ സ്നേഹിക്കുന്ന സ്ത്രീകള്‍ക്ക് ബ്യൂട്ടിഫുള്‍ ജേര്‍ണി ഒരു ആശ്വാസമാണ്. ഭാരതത്തിന്റെ മുഖം മാറുന്നതനുസരിച്ച് സ്ത്രീകളും മാറണ്ടേയെന്ന് ജ്യോതി ചോദിക്കുന്നു, തികഞ്ഞ ആത്മവിശ്വാസത്തോടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: