പൂച്ചാക്കല്‍: നിയന്ത്രണംവിട്ട ചങ്ങാടം യാത്രക്കാരുടെ ജീവന് പണയം വച്ച് മണിക്കൂറോളം കായലില്‍ ഒഴുകി നടന്നു. കുടപുറം-എരമല്ലൂര്‍ ഫെറിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ചങ്ങാടം നിയന്ത്രണം വിട്ട് കൈതപ്പുഴ കായലില്‍ ഒഴുകിനടന്നത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് യാത്രക്കാരെ കരയ്ക്കെത്തിക്കാന്‍ കഴിഞ്ഞത്. ബോട്ടില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ ചങ്ങാടമാണ് ഇവിടെ യാത്രയ്ക്ക് ഉപയോഗിക്കുന്നത്. നിറയെ യാത്രക്കാരും നാലോളം വാഹനങ്ങളും ചങ്ങാടത്തിലുണ്ടായിരുന്നു. എരമല്ലൂര്‍ ഫെറിയില്‍ നിന്ന് കുടപുറം ഫെറിയിലേക്ക് സര്‍വീസിനിടെയാണ് ബോട്ട് തകരാറിലായി തുടര്‍ന്ന് പായലില്‍ കുടുങ്ങിയ ചങ്ങാടം വാഹനങ്ങളും യാത്രക്കാരുമായി കായലില്‍ ഒഴുകി. ജീവനക്കാര്‍ ഏറെ പരിശ്രമിച്ചിട്ടും ചങ്ങാടം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ യാത്രക്കാരും ഭീതിയിലായി. കായലില്‍ ഒഴുകി നടന്ന ചങ്ങാടം വടക്കുഭാഗത്തുള്ള കായല്‍തീരത്ത് അടുപ്പിച്ച് യാത്രക്കാരെ ഇറക്കിയെങ്കിലും വാഹനങ്ങള്‍ ചങ്ങാടത്തില്‍ നിന്ന് ഇറക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഏറെ നേരം കഴിഞ്ഞ് കുടപുറം ഫെറിയിലെത്തിച്ചാണ് വാഹനങ്ങള്‍ കരയ്ക്കിറക്കിയത്. ഇവിടെ യാത്രക്കാരുമായി ചങ്ങാടം കായലില്‍ ഒഴുകി നടക്കുക പതിവാണ്. അധികൃതര്‍ ഇടപെട്ട് ചങ്ങാടസര്‍വീസ് സുരക്ഷിതമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: