ചേര്‍ത്തല: അങ്കണവാടിയ്ക്ക് സമീപത്തെ പൊതുകിണര്‍ പഞ്ചായത്തംഗത്തിന്റെ ഒത്താശയോടെ വെട്ടിമൂടിയതായി പരാതി. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡ് ചെറുവാരണം 51 -ാം നമ്പര്‍ അങ്കണവാടിയോടു ചേര്‍ന്നുള്ള പൊതുകിണറാണ് വെട്ടി മൂടിയ നിലയില്‍ കാണപ്പെട്ടത്. അങ്കണവാടിയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനും, പരിസരപ്രദേശങ്ങളിലുള്ള ഇരുപതോളം വീട്ടുകാര്‍ കുടിവെള്ളത്തിനായും ആശ്രയിച്ചിരുന്നത് ഈ കിണറിനെയാണ്. പത്ത് വര്‍ഷങ്ങള്‍ മുമ്പ് സ്വകാര്യവ്യക്തി ഇഷ്ടദാനമായി നല്കിയ രണ്ട് സെന്റ് പുരയിടത്തിലാണ് പഞ്ചായത്ത് കിണര്‍ സ്ഥാപിച്ചത്. അതിനു ശേഷം കിണറിന് സമീപത്തായി അംഗനവാടിയും, റോഡും വന്നു. അങ്കണവാടിക്ക് പുറകിലായി സ്ഥലം വാങ്ങിയവര്‍ക്ക് വീടുവയ്ക്കുവാന്‍ ലോറിയില്‍ സാധനങ്ങള്‍ എത്തിയതോടെ ആണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. റോഡിന് വീതി കുറവ് കാരണം കിണറിന് സമീപത്തുകൂടെ വലിയ വാഹനങ്ങള്‍ കടത്തിവിടാന്‍ കഴിയില്ല. ഇതോടെയാണ് ചരക്കുമായി വന്ന ലോറി കടത്തിവിടാന്‍ വേണ്ടി പഞ്ചായത്തംഗം കിണര്മൂടിയതെന്നാണ് ആക്ഷേപം. സമീപത്തെ ചിലരും ഇതിന് കൂട്ടു നിന്നതായി പരാതിയുണ്ട്. എന്നാല്‍ ഉപയോഗശൂന്യമായ കിണറായിരുന്നു ഇതെന്നും, അനുമതി വാങ്ങിയാണ് മൂടിയതെന്നുമാണ് പഞ്ചായത്തംഗത്തിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: