മാവേലിക്കര: എക്സൈസ് റെയ്ഞ്ച് ഓഫീസിന്റെ പരിധിയില്‍ നിന്നും പോലീസ് സ്പിരിറ്റ് പിടികൂടിയ സംഭവത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് സ്ഥലംമാറ്റം. കഴിഞ്ഞ മാസം 18ന് മൂന്നാംകുറ്റി ദീപം ഓഡിറ്റോറിയത്തിന് സമീപം പാര്‍ക്ക് ചെയ്ത ഓട്ടോയില്‍ നിന്നാണ് പോലീസ് സ്പിരിറ്റ് പിടികൂടിയത്.
ഷാപ്പുകളില്‍ വിതരണം ചെയ്യാനായി കൊണ്ടുപോയതായിരുന്നു സ്പിരിറ്റ്.സംഭവത്തില്‍ ഷാപ്പുടമ അടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് എക്സൈസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ഓരോ എക്സൈസ് റെയ്ഞ്ച് ഓഫീസും പരിശോധനയ്ക്കായി ഓരോ യൂണിറ്റായി തിരിച്ചിട്ടുണ്ട്. ഇതിനുള്ളില്‍ സ്പിരിറ്റ് പോലീസ്, എക്സൈസ് പ്രത്യേക വിഭാഗം എന്നിവര്‍ പിടികൂടിയാല്‍ ഉത്തരവാദിത്വമുള്ള ഓഫീസര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിക്കും. പ്രിവന്റീവ് ഓഫീസറെ ജില്ലക്കു പുറത്തേക്കും അഞ്ച് എക്സൈസ് സിവില്‍ ഓഫീസര്‍മാരെ അപ്രധാനമായ ഓഫീസിലേക്കുമാണ് മാറ്റിയത്.
എന്നാല്‍ സ്പിരിറ്റ് കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കേണ്ട വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തത് വിമര്‍ശന വിധേയമായിട്ടുണ്ട്. സ്പിരിറ്റ് വേട്ട സമയത്ത് വിജിലന്‍സിലെ ചില ഉദ്യോഗസ്ഥര്‍ അന്യസംസ്ഥാനത്ത് ഉല്ലാസ യാത്രയിലായിരുന്നെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതൊരു ശിക്ഷണ നടപടിയല്ലെന്നും ഉദ്യോഗസ്ഥരെ ജാഗ്രതയുള്ളവരാക്കുന്നതിന്റെ ഭാഗമായിട്ടുള്ള നടപടിക്രമങ്ങള്‍ മാത്രമാണെന്നാണ് ജില്ലയിലെ എക്സൈസ് വിഭാഗത്തിലെ ഉന്നതന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: