അമ്പലപ്പുഴ: തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്ത് നിന്നും ഡ്രഡ്ജ് ചെയ്ത മണല്‍ നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്ത്യന്‍ റെയര്‍ എര്ത്ത്സിനാണ് ഇതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്. മണല്‍ നീക്കം ചെയ്യാനുള്ള പ്രാരംഭ നടപടിയുടെ ഭാഗമായി ഹാര്‍ബറിന് തെക്ക് ഭാഗത്തായി സ്പൈറല്‍ യൂണിറ്റ് നിര്‍മ്മിക്കുന്നതിന് തുടക്കമായി. ഒരു മാസത്തിനുള്ളില്‍ ഇതിന്റെ നിമ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിന് ശേഷം ഇവിടെ തന്നെ മണല്‍ രണ്ടായി തരം തിരിക്കും. എഴുപതിനായിരം ടണ്‍ മണലാണ് ഹാര്‍ബറിലെ പുലിമുട്ടില്‍ നിന്ന് ഡ്രഡ്ജ് ചെയ്ത് കരക്ക് കൂട്ടിയിട്ടിരിക്കുന്നത്. മണല്‍ നീക്കം ചെയ്യാനുള്ള ചുമതല നാട്ടകത്തെ ട്രാവന്‍കൂര്‍ സിമിന്റ്സ് ലിമിറ്റഡിനായിരുന്നു.
കൂട്ടിയിട്ടിരിക്കുന്ന മണല്‍ തരം തിരിച്ചെടുത്താല്‍ 25 ശതമാനത്തോളം കരിമണല്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ്. കരിമണല്‍ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് എടുത്തുകഴിഞ്ഞാല്‍ അവശേഷിക്കുന്ന മണല്‍ ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വിഭാഗത്തിന് കൈമാറും. തോട്ടപ്പള്ളിയില്‍ നിന്നും മണല്‍ പൂര്‍ണമായും ഇന്ത്യന്‍ റെയര്‍ എര്ത്ത്സിലെത്തിക്കാനായി വന്‍ സാമ്പത്തിക ചെലവുണ്ടാകും. ഇതൊഴിവാക്കാനാണ് ഹര്‍ബറിന് സമീപത്ത് തന്നെ മണല്‍ തരം തിരിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി തന്നെ കരിമണല്‍ ഏറ്റെടുക്കുന്നതിനാല്‍ വിവാദങ്ങളും ഒഴിവാക്കാനാകും.
അശാസ്ത്രീയമായ നിര്‍മ്മാണം മൂലം ഹാര്‍ബറിലെ പുലിമുട്ടിനുള്ളില്‍ മണല്‍ കടിഞ്ഞുകൂടിയത്. ഇത് രണ്ട് വര്‍ഷമായിട്ടും നീക്കം ചെയ്താത്തതിനാല്‍ ഹാര്‍ബറിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ജില്ലയിലെ മത്സ്യതൊഴിലാളികവക്ക് ഏറെ പ്രതീക്ഷ നല്കി നാല് വര്‍ഷം മുന്‍പാണ് തോട്ടപ്പള്ളിയിലെ ഹാര്‍ബറിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. മുന്നൂറോളം ബോട്ടുകളും അറുനൂറോളം വള്ളങ്ങളിലുമായി ആയിരക്കണക്കിന് തൊഴിലാളികളാണ് തോട്ടപ്പള്ള ഹാര്‍ബറിനെ ആശ്രയിച്ച് കഴിഞ്ഞിരുന്നത്. ഹാര്‍ബറിന്റെ പ്രവര്‍ത്തനം നിലച്ചതോടെ മറ്റ് ഹാര്‍ബറുകളെ ആശ്രയിക്കേണ്ടിവന്നു. കൂടാതെ ഹാര്‍ബറിന് പുറത്ത് നങ്കൂരമിട്ടിരുന്ന ബോട്ടുകടവില് രാത്രിയിലുണ്ടായ ശക്തമായ തിരമാലയിലും കാറ്റിലും കൂട്ടിയിടിച്ച് തകര്‍ന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഡ്രഡ്ജ് ചെയ്ത് കരക്ക് കൂട്ടിയിട്ടിരിക്കുന്ന മണല്‍ ഖനനം ചെയ്ത് കരിമണല്‍ നീക്കിയ ശേഷം ഹാര്‍ബറില്‍ അടിഞ്ഞുകൂടിയിട്ടുള്ള ബാക്കി മണ്ണും ഡ്രഡ്ജ് ചെയ്യും. ഇതിന് ശേഷം മാത്രമെ ഹാര്‍ബറിനുള്ളില്‍ ബോട്ടുകളും വള്ളങ്ങളും നങ്കൂരമിടാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: