കോട്ടയം: പാമ്പാടി രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. അക്രമസംഭവങ്ങളോ കുറ്റകൃത്യങ്ങളോ ഉണ്ടാവുകയാണെങ്കില്‍ പ്രിന്‍സിപ്പിന്റെ അനുമതിയോടെ പോലീസ് നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കോളേജില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിന് അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതില്‍ പ്രിന്‍സിപ്പലിനെയോ, പിടിഎയോ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെയോ കുറ്റം പറയാനാവില്ലെന്നും കമ്മീഷന് നിരീക്ഷിച്ചു. സസ്പെന്ഷന് മുതലായ അച്ചടക്ക നടപടികളില്‍ പുറത്തുനിന്നുമുള്ള ഒരു ഏജന്‍സിക്ക് ഇടപെടാനാവില്ലെന്നും കമ്മീഷന് നിരീക്ഷിച്ചു.
കോളേജിന്റെ പ്രവര്‍ത്തനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 1991ല്‍ സ്ഥാപിച്ച കോളേജ് നല്ലരീതിയില്‍ പ്രവര്‍ത്തിക്കുകയാണെന്ന് കമ്മീഷന് നിരീക്ഷിച്ചു. എന്നാല്‍ കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരവും സമരങ്ങളും കാരണം ക്ലാസുകള്‍ തടസ്സപ്പെടുന്നു. 22 ഓളം ക്രിമിനല്‍ കേസുകള്‍ ഇതുസംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
642 ലക്ഷം രൂപ ചിലവില്‍ പുരുഷ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ച് കഴിഞ്ഞതായി അധികൃതര്‍ കമ്മീഷനെ അറിയിച്ചു. മുടക്കമില്ലാതെ വെള്ളം ലഭിക്കുന്നതിന് 18 ലക്ഷം മുടക്കി വാങ്ങിയ ജനറേറ്റര്‍ ഉടന്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മുന്‍കൈയെടുക്കണമെന്ന് കമ്മീഷന് ഉത്തരവില്‍ പറയുന്നു. മയക്കുമരുന്നിന്റെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കണം. വാസ്തു വിദ്യാവകുപ്പ് മേധാവിയെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതിയില്‍ കഴമ്പില്ലെന്നും കമ്മീഷന് കണ്ടെത്തി. വാഹനങ്ങള്‍ കോളേജ് പരിസരത്ത് കയറ്റുന്നില്ലെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പ്രിന്‍സിപ്പലിന്റെ തീരുമാനത്തിനു മേല്‍ കമ്മീഷന് ഇടപെടുന്നില്ലെന്നും ഉത്തരവില്‍ പറയുന്നു.
അദ്ധ്യാപകരുടെ കഴിവുകേടിനെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ പിഎസ്സിയാണ് അദ്ധ്യാപകരെ നിയമിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ആര്‍ക്കെങ്കിലും ആവശ്യമായ യോഗ്യതയില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തമായി പരാതിപ്പെടാമെന്ന് ഉത്തരവില്‍ പറയുന്നു. സ്ഥാപനത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: