ഹരിപ്പാട്: ആത്മീയതയുടെ പ്രഭാവമാണ് നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പെന്ന് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി. കേരള പുരാണപാരായണ സംഘടനജില്ലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തമ്പുരാട്ടി. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ചിന്തയോടെ മറ്റുള്ളവരുടെ നന്മക്കായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയായിരിക്കണം പുരാണ പാരായണക്കാരുടെ നിത്യവിചാരം.
മനസിന്റെ മാലിന്യങ്ങള്‍ അകറ്റി മറ്റുള്ളവരില്‍ നന്മയുടെ വേരുകള്‍ നട്ടുപിടിപ്പിക്കുന്നതില്‍ മുഖ്യപങ്ക് പുരാണ പാരായണക്കാര്ക്കാണുള്ളത്. തലമുറകളിലേക്ക് ആത്മീയ വെളിച്ചം പകരാനും അവരെ സാംസ്ക്കാരിക പാരമ്പര്യം പഠിപ്പിക്കുവാനും കഴിയുമ്പോള്‍ മാത്രമെ നാം പൂര്ണരാവുകയുള്ളു. ഭൗതിക കാര്യങ്ങളില്‍ ചെറുപ്പത്തിലുണ്ടാകുന്ന അമിത താത്പര്യങ്ങളെ കടിഞ്ഞാണിടേണ്ടത് ആവശ്യമാണ്.
തിരുവിതാംകൂര്‍ രാജാക്കന്മാര് ഒന്നും സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നവരല്ലെന്നും അങ്ങിനെയുള്ളവരായിരുന്നെങ്കില് ഇന്നു കണ്ടെത്തിയ സമ്പത്തുക്കളെല്ലാം നിഷ്പ്രയാസം സ്വന്തമാക്കുവാന്‍ കഴിയുമായിരുന്നു. വിമര്‍ശനങ്ങള്‍ക്കും പഴിചാരലിനും കുറ്റപ്പെടുത്തലിനും ഈശ്വരചിന്ത മാത്രമാണ് മറുപടിയെന്നും അവര്‍ പറഞ്ഞു. സംഘടന ജില്ലാ പ്രസിഡന്റ് മുട്ടം സി.ആര്. ആചാര്യ പൂര്‍ണകുംഭം നല്കി ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടിയെ സ്വീകരിച്ചു. സംസ്ഥാന പ്രസിഡന്റ് അമ്പാടിസുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: