ഹരിപ്പാട്: കടലാക്രമണത്തില്‍ നിന്ന് തീരത്തെ സംരക്ഷിക്കുവാന്‍ തൃക്കുന്നപ്പുഴ പഞ്ചായത്തിന്റെ തീരത്ത് 7.5 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന 12 പുലിമുട്ടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. തൃക്കുന്നപ്പുഴ ഫിഷ് ലാന്റിംഗ് സെന്ററിന്റെ ഇരുവശങ്ങളിലും തൃക്കുന്നപ്പുഴ പള്ളിപ്പാട് മുറി തീരത്തുമാണ് 600മീറ്റര്‍ നീളത്തില്‍ ആറും വീതം പുലിമുട്ടുകള്‍ നിര്‍മ്മിക്കുന്നത്.
നിലവിലുള്ള സംരക്ഷണ ഭിത്തിയില്‍ നിന്ന് കടലിലേക്ക് 20 മീറ്റര്‍ മുതല്‍ 50 മീറ്റര്‍ വരെ നീളത്തിലുള്ള പുലിമുട്ടുകളാണ് നിര്‍മ്മിക്കുന്നത്. മുകള്‍ ഭാഗത്ത് നാല് മീറ്റര്‍ വീതി വരുന്ന തരത്തില്‍ നിര്‍മ്മിക്കുന്ന പുലിമുട്ടുകളുടെ പദ്ധതിയും സ്ഥലവും നിശ്ചയിച്ചത് മദ്രാസ് ഐഐടിയാണ്. രണ്ടുവര്‍ഷമായി ജില്ലയുടെ തീരത്ത് അനുഭവപ്പെടുന്ന കടലാക്രമണത്തില്‍ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തീരത്താണ് ഏറെ നാശം വിതച്ചത്. പദ്ധതി നടത്തിപ്പിന് ആവശ്യമായ ഫണ്ട് സര്‍ക്കാരില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. ആറ് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തികരിക്കുകയാണ് ലക്ഷ്യം.
തൃക്കുന്നപ്പുഴ സ്നാനകേന്ദ്രത്തിന് സമീപം ഇന്നലെ രാവിലെ പുലിമുട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാ കമ്മറ്റി ചെയര്മാന് ഡി.ഷിബു, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തോമസ് വര്‍ഗീസ്, അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എല്‍സി ജോണ്‍, അസി.എന്‍ജിനീയര്‍ മറിയാമ്മ പെരുമാള്‍, കരാറുകാരന് തിരുവനന്തപുരം സ്വദേശി പ്രഭാകരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: