മുഹമ്മ: സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ എംഎല്‍എയ്ക്കെതിരെ രൂക്ഷ വിമര്‍ശനം; മറുപടി പറയാനാവാതെ നേതൃത്വം. ആര്യാട്-മണ്ണഞ്ചേരി ബ്രാഞ്ച് സമ്മേളനങ്ങളിലാണ് തോമസ്ഐസക് എംഎല്‍എയ്ക്കെതിരെ വിമര്‍ശനവുമായി അണികള്‍ രംഗത്തുവന്നത്. കോമളപുരം സ്പിന്നേഴ്സ് തുറക്കുന്നതുമായി ബന്ധപ്പെട്ട് എംഎല്‍എ സ്വീകരിച്ച നിലപാടിനെയാണ് പാര്‍ട്ടി അംഗങ്ങള്‍ ചോദ്യം ചെയ്തത്. സ്വകാര്യ വ്യക്തിയുടെ അധീനതയിലായിരുന്ന കോമളപുരം സ്പിന്നേഴ്സ് കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്താണ് കേരള ടെക്സ്റ്റൈല്‍സ് കോര്‍പറേഷനെ ഏല്‍പ്പിക്കുന്നത്. നിലവിലുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്കി പിരിച്ചുവിട്ടു. എന്നാല്‍ പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കാര്യത്തില്‍ എംഎല്‍എയും സിപിഎമ്മും സ്വീകരിച്ച ധാര്‍ഷ്ട്യം സ്ഥാപനം എന്നന്നേക്കുമായി അടഞ്ഞുകിടക്കാന്‍ കാരണമായി.
എംഎല്‍എയെ ചുറ്റിപ്പറ്റി നില്ക്കുന്ന ചിലരാണ് ഇത്തരം നിലപാടെടുക്കാന്‍ കാരണമായതിന് പിന്നിലെന്നാണ് ബ്രാഞ്ചുകളില്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന വിമര്‍ശനം. മണ്ണഞ്ചേരിയിലെയും ആര്യാട്ടെയും ഒന്നിലധികം ബ്രാഞ്ചുതല പ്രവര്‍ത്തന റിപ്പോര്‍ട്ടുകളില്‍ സ്പിന്നേഴ്സ് ചര്‍ച്ചാ വിഷയമായി.
അംഗങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയുന്നില്ലെങ്കിലും സ്പിന്നേഴ്സ് തുറക്കാന്‍ കഴിയാതെ പോയതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെയും സിപിഐയുടെയും തലയില്‍ കെട്ടിവയ്ക്കാനാണ് ലോക്കല്‍ ഭാരവാഹികളുടെ ശ്രമം. അതേസമയം മണ്ണഞ്ചേരി പനയില്‍ ഭാഗത്ത് ചില പാര്‍ട്ടി അംഗങ്ങള്‍ സിപിഐയില്‍ ചേര്‍ന്നതും ബ്രാഞ്ച് യോഗങ്ങളില്‍ ചര്‍ച്ചയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: