ഭക്തിയുടെ നിറദീപ്തമായ സംഗീതത്താല്‍ ദേവപാദാര്ച്ചന നടത്തിയിരുന്ന സാധു. ലളിതമായ ജീവിതം ലോകഹിതത്തിനായി സമര്‍പ്പിച്ച പുണ്യശ്ലോകന്‍. ശബ്ദവിന്യാസത്താല്‍, ലയമാധുര്യത്താല്‍ സംഗീതം നിവേദിച്ച ഭാഗവതര്‍. സാധകത്തിന്റെ മഹാബലം കൊണ്ട് ആയിരങ്ങളെ ധന്യമാക്കിയ അരങ്ങുകള്‍. അതെത്രകാലമായിരുന്നു. അനേകം ശിഷ്യന്മാരെ വളര്‍ത്തിയെടുത്ത സദ്ഗുരു, സാത്വികനായ ആ മഹാബ്രാഹ്മണന്‍ ശരണം പ്രാപിച്ചത് ഗുരുവായൂരപ്പനെയാണ്. ഉള്ളുതുറന്ന് വിളിച്ച് ഭഗവാന്റെ മനസ്സിനെ കുലുക്കിയ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ മലയാളത്തിന്റെ മഹാനാദമായിരുന്നു.
സംഗീതത്തിന്റെ ഉള്ളറകള്‍ തുറന്ന പാലക്കാടിനടുത്തുള്ള ചെമ്പൈ ഗ്രാമം ഉണരുന്നതുതന്നെ പാട്ടിന്റെ ശ്രുതിമൂളിക്കൊണ്ടായിരിക്കും. പ്രായഭേദമില്ലാതെ ഒട്ടേറെ പരിശീലകര്‍ നിരന്തരം അഭ്യാസം ചെയ്യും. അതിന് നിശ്ചിത സമയം എന്നില്ല. ഗുരുവിന്റെ വിശ്രമ സമയത്തായിരിക്കും തംബുരുവും തൊണ്ടയും അടങ്ങിയിരിക്കുക. തെന്നിന്ത്യ മുഴുവന്‍ കീര്‍ത്തിപരത്തിയ സംഗീതജ്ഞന്റെ ജീവിതം അനേകായിരങ്ങളെ തൃപ്തിപ്പെടുത്താനായിരുന്നു.
ഇടതടവില്ലാതെ ഉതിര്‍ന്നുവീഴുന്ന സപ്തസ്വരസിദ്ധിയെ അനുഭവിക്കാത്തവരില്ല.
പൂമുള്ളി മനയിലെ നിത്യനായിരുന്ന സ്വാമികള്‍ കേരള കലാലോകത്തിലെ പ്രതിഭകളെ അടുത്തറിഞ്ഞതും അവിടെവച്ചായിരുന്നു. വിവിധ കലകളില്‍ നിന്നുമുള്ള സ്വരബിന്ദുകളെ സ്വീകരിച്ചും മലയാളികള്‍ക്കു പ്രിയപ്പെട്ടവനായി. ദക്ഷിണേന്ത്യയില്‍ കര്‍ണാടക സംഗീതത്തിന്റെ ആരാധ്യപുരുഷനായിത്തീരാന് ഒരു മലയാളിക്കു സാധിച്ചത് ചെമ്പൈ സ്വാമിയിലൂടെയായിരുന്നു. യേശുദാസടക്കമുള്ള വലിയൊരു തലമുറയുടെ മഹാഗുരുവായിരുന്നു അദ്ദേഹം.ചോര്‍ച്ചയില്ലാതെ പഴുതുതീര്ക്കുന്ന പ്രയോഗ സിദ്ധിയാല്‍ ഓരോ കച്ചേരിയും കനപ്പെട്ടവയായിരുന്നു.
സംഗീതസിദ്ധികൊണ്ട് ഈശ്വര പൂജ ചെയ്തുവന്ന അപൂര്വജന്മം. സ്വപ്രയത്നത്താല്‍ വേദിയില്‍ നിന്നും വേദിയിലേക്കു യാത്ര ചെയ്ത അദ്ദേഹത്തെ സംഗീത ചക്രവാളം മറക്കില്ല. ഗുരുവായൂരപ്പന്റെ ഭക്തനായി, തന്റെ ശരീരത്തെ ഈശ്വരചൈതന്യമായി പ്രതിഫലിപ്പിച്ചത്, ഗുരുപവനപുരിയുടെ സ്വാധീനത്തിലായിരുന്നു. ഈശ്വരന് അനുഗ്രഹിച്ചു നല്കിയ ശബ്ദം കൈവിട്ടുപോകുന്ന അവസ്ഥയും വന്നുചേര്‍ന്നു. തന്റെ സര്‍വസ്വവുമായ ശബ്ദം തന്നെ നേര്‍ത്തു.
1931 ല്‍ ഏകാദശിക്ക് സാമൂതിരി കോവിലകത്തായിരുന്നു കച്ചേരി നടക്കേണ്ടിയിരുന്നത്. സകലരും ഭയന്നെങ്കിലും പിറ്റേന്ന് ശബ്ദം അതുപോലെ തന്നെ തിരിച്ചുകിട്ടി.
എട്ടാം വയസ്സില്‍ തുടങ്ങിയ അരങ്ങു പരിപാടികള്‍ അവസാനശ്വാസം വരെയും തുടര്‍ന്നു. ഗുരുവായൂരപ്പന്റെ പിന്തുണയുണ്ടെങ്കില്‍ പിന്നെന്തിന് ഭയം. അത് അനര്‍ഗളമായി തുടര്‍ന്നു. വൈക്കത്തപ്പന്റെ മുന്നിലായിരുന്നു കച്ചേരികള്‍ക്ക് തുടക്കം കുറിച്ചത്. അന്ന് പിതാവായിരുന്നു മൃദംഗം വായിച്ചത്. അനുജന് സുബ്രഹ്മണ്യം ഒന്നിച്ചായിരുന്നു അക്കാലത്ത് പാടി നടന്നിരുന്നത്.
അനന്തഭാഗവതരുടേയും പാര്‍വതി അമ്മാളിന്റെയും പുത്രനായ വൈറ്റി എന്നറിയപ്പെട്ട വൈദ്യനാഥന് മലയാളക്കരയുടെ വരദാനം തന്നെയായിരുന്നു. 1918 ലാണ് മദിരാശി നഗരത്തില്‍ ചെന്ന് കച്ചേരിപാടിയത്. അവിടെ അതിനൊക്കെ അവസരം സിദ്ധിക്കണമെങ്കില് അത്രത്തോളം പ്രസിദ്ധി തന്നെ വേണം. സംഗീതത്തെ അറിയുകയും അത് ഏവരെയും അറിയിക്കുകയും ചെയ്യാന്‍ പിറന്ന ജന്മമായിരുന്നു സ്വാമിയുടേത്.
അറിവുകാംക്ഷിച്ചെത്തുന്ന വര്‍ക്ക് നല്കുവാന് വേണ്ടി ഒരു വിദ്യാലയം തന്നെ തുറന്നു. ചില്ലിക്കാശ് പോലും വാങ്ങാതെ ഒട്ടേറെ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു. തന്റെ ഉള്ളില്‍ നിറഞ്ഞുകിടക്കുന്ന അനന്തമായ സിദ്ധിയെ ഏതൊക്കെ വിധത്തില്‍ പുറത്തെത്തിക്കാമോ ആ വിധത്തിലെല്ലാം പരിശ്രമിച്ചു. അതിന്റെയൊക്കെ ഫലമാണ് ഇന്നും നമ്മള് ആ വിദഗ്ദ്ധമായ ശാരീരത്തെ മറക്കാത്തത്. കാലം മാച്ചാലും മായാത്തവിധം ശാരീരത്തെ ആ സ്വരസ്ഥാനങ്ങളെ ശ്രുതി ചേര്‍ത്തുകഴിഞ്ഞു.
ആ മഹാന്റെ ലയമാര്‍ന്ന ശാരീരത്തെ എങ്ങനെയാണ് മറക്കുക. ഇങ്ങനെ കവിഞ്ഞൊഴുകുകയാണ് ആ സിദ്ധി. വാതാപി, രക്ഷമാം ശരണാഗതം എന്നൊക്കെ ഓര്‍ത്താല്‍ മതി നമ്മുടെ കര്‍ണങ്ങളില്‍ ഒഴുകിയെത്തും.
1958 ല്‍ ദേശീയ പുരസ്കാരം ലഭിച്ചു. 73 ലാണ് പത്മഭൂഷണ്‍ വന്നു ചേര്‍ന്നത്. സംഗീതത്തില്‍ മുത്തച്ഛന് മുതല്ക്കുള്ളവരുടെ വലിയ പാരമ്പര്യം സൂക്ഷിക്കുകയായിരുന്നു ജീവിതലക്ഷ്യം തന്നെ.
ഭഗവല്‍ ഭക്തിയുടെ നിറവുതന്നെയായിരുന്നു ചെമ്പൈ. ശബ്ദം അടച്ചുപിടിക്കുന്നത് ഭഗവാന് തന്നെ എന്നറിഞ്ഞ അദ്ദേഹം രക്ഷപ്രാപിച്ചത് ഭഗവാന് ഗുരുവായൂരപ്പനെയായിരുന്നു. വൈദ്യമഠത്തിന്റെ മരുന്നും ദേവപ്രസാദവും ഇതെല്ലാംകൊണ്ട് നമുക്കാശബ്ദ മാധുര്യത്തെ വീണ്ടും വീണ്ടും കേള്‍ക്കാനായി.
78-ാം വയസ്സില്‍,1 974 ഒക്ടോബര്‍ 16 നാണ് ആ മഹാനാദം ഭഗവാനില്‍ വിലയം പ്രാപിച്ചത്. തൃശൂരിനടുത്ത പൂഴിക്കുന്ന ക്ഷേത്രത്തില്‍ വച്ചായിരുന്നു അവസാനം പാടിയത്. അത് കഴിഞ്ഞ് ഒളപ്പമണ്ണ മനയില്‍ ചെന്നു. താമസിയാതെ മരിക്കുകയായിരുന്നു. നീണ്ടകാലത്തെ കലാസപര്യ ചെയ്തു തീര്‍ത്ത കോട്ടകള്‍ക്ക് ഇന്നും കോട്ടമില്ല എന്നതാണ് സത്യം.
സാധു എന്നുപറഞ്ഞാല്‍ പോരാ മഹാസാധുവായ അദ്ദേഹത്തെ കല്പാത്തിയിലെ സംഗീത പണ്ഡിതര്‍ എന്നഭിമാനിക്കുന്നവര്‍ ഒരുനാള്‍ പരീക്ഷിക്കുകയായിരുന്നു.
എവറണി പാടാന്‍ പറഞ്ഞു. ”അത് വേണോ അതുപാടിയാല് മഴ എന്നല്ലേ പറയാറ്.” നിര്‍ബന്ധത്താല്‍ പാടി. മഴതന്നെ വന്നു. മണ്ഡപം തകര്‍ന്നു കച്ചേരി തന്നെ നിര്‍ത്തിവക്കുകയായിരുന്നു. വേണ്ടയിടത്തെല്ലാം അതുവന്നുകൊണ്ടു. അനുഗൃഹീതമായ ആ നാദ വിശുദ്ധി ശിഷ്യപ്രശിഷ്യരിലൂടെ അലയടിക്കുകയാണ്. എന്നും നമുക്ക് കേള്‍ക്കാന്‍ വേണ്ടി ഒഴുകി എത്തുകയാണ്. നാല്‍പ്പതുവര്‍ഷമായി ആ സംഗീതപ്പെരുമ നിലച്ചിട്ട്. ഇന്നും എന്നും മലയാളത്തില്‍ ചെമ്പൈ സ്വാമി നിറഞ്ഞ് നില്ക്കും. തംബുരുവിന്റെ ശ്രുതി നിറഞ്ഞ മണിനാദം കേള്‍ക്കുന്നുണ്ട് ഞാന്‍.
കരുണ ചെയ്വാനെന്തു താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: