മറയൂര്‍ : ഊരുവിലക്കിനെത്തുടര്‍ന്ന് മറയൂര്‍ കീഴാന്തൂര്‍ കുടിയില്‍ സംഘര്‍ഷം. രണ്ട് പേര്‍ക്ക് പരിക്ക്. ഒരു വീട് പൂര്‍ണ്ണമായും അടിച്ചുതകര്‍ത്തു. വെള്ളിയാഴ്ച പകലായിരുന്നു സംഭവങ്ങളുടെ തുടക്കം. നാട്ടുകൂട്ടത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്റിസ് തൈകള്‍ സ്വകാര്യ വ്യക്തിക്ക് വിറ്റു. മരം വെട്ടാന്‍ ആളുകള്‍ എത്തിയപ്പോള്‍ കാന്തല്ലൂര്‍ വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി തടഞ്ഞു. ഇതേത്തുടര്‍ന്ന് സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. 28 വര്‍ഷം മുമ്പ് ഹരിരാമന്‍ (60) എന്നയാളെ ഗ്രാമക്കാര്‍ ഊരുവിലക്കിയിരുന്നു. ഗ്രാമത്തിന്റെ തലൈവരുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനായിരുന്നു ഊരുവിലക്ക്. അന്നുമുതല്‍ ഹരിരാമനും ഊരുക്കൂട്ടവുമായി കടുത്ത അഭിപ്രായഭിന്നത നിലനില്‍ക്കുകയായിരുന്നു. ഗ്രാമക്കാരുടെ ഉടമസ്ഥതയിലുള്ള ഗ്രാന്റിസ് മരത്തിന് ഹരിരാമനും അവകാശമുണ്ടെന്ന് ജില്ലാ കളക്ടറെ വിളിച്ചറിയിച്ചു. ഇതേത്തുടര്‍ന്നാണ് കാന്തല്ലൂര്‍ വില്ലേജ് ഓഫീസര്‍ ഗ്രാന്റിസ് മരം മുറിക്കുന്നത് തടഞ്ഞത്. മരം മുറിക്കുന്നത് തടയുന്നതിന് കാരണമായത് ഹരിരാമനാണെന്ന് മനസ്സിലാക്കിയ നാട്ടുകൂട്ടം ഗോപാലകൃഷ്ണന് എന്ന തലൈവരുടെ നേതൃത്വത്തില്‍ സംഘടിച്ച് ഹരിരാമനെ ആക്രമിച്ചു. മണിക്കൂറുകള്‍ക്കകം ഹരിരാമന്റെ നേതൃത്വത്തിലുള്ള സംഘം ഗ്രാമതലവന്‍ ഗോപാലകൃഷ്ണനെ ആക്രമിച്ചു. ഗോപാലകൃഷ്ണനെ ആക്രമിച്ചതറിഞ്ഞ് നാട്ടുകൂട്ടം ഹരിരാമന്റെ വീട് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. ഹരിരാമന്റെ കൂട്ടുകാരന് മുത്തുസ്വാമിയുടെ വീടും ആക്രമണത്തിനിരയായി. സംഭവമറിഞ്ഞ് മറയൂര്‍ പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മറയൂര്‍ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: