മാവേലിക്കര: കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ഒക്ടോബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ മാവേലിക്കര യോഗക്ഷേമ സഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട യവനിക ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബഹ്റൈന്‍ പ്രവാസിയായ രഞ്ജിഷ് മുണ്ടയ്ക്കല്‍ സംവിധാനം ചെയ്ത ‘ഇറേസര്‍’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പരിഗണിച്ച ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ നിന്ന് പത്ത് ചിത്രങ്ങളാണ് അവസാനഘട്ട മത്സരത്തില്‍ പങ്കെടുത്തത്.
ദേശീയ അവാര്‍ഡ് ജേതാവും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രാജീവ് നാഥ്, നിരവധി രാജ്യാന്തര ചലച്ചിത്ര മേളകളില്‍ ജൂറി അംഗമായിരുന്ന സംവിധായകന് മധു ഇറവങ്കര, ചലച്ചിത്ര നിരൂപകന് ഷിബു ജോയ് എന്നിവര്‍ ചിത്രങ്ങളെ വിലയിരുത്തി. ആശയം, സംവിധാനം, ഛായാഗ്രഹണം എന്നിവയിലെ മികവാണ് ഇറേസറിനെ പുരസ്കാരത്തിന് അര്‍ഹമാക്കിയതെന്ന് മധു ഇറവങ്കര അഭിപ്രായപ്പെട്ടു.
ഇറേസര്‍ ടീമിനു വേണ്ടി ചിത്രത്തിന്റെ സഹസംവിധായകന് വിനയചന്ദ്രന് അവാര്‍ഡ് ഏറ്റുവാങ്ങി. അനീഷ് എബ്രഹാം സംവിധാനം ചെയ്ത ‘എന്റെ കേരളമാണ്’ മികച്ച രണ്ടാമത്തെ ചിത്രം. വര്‍ത്തമാനകാലത്ത് പ്രൊഫഷണലിസ്റ്റുകളായി പേരെടുക്കുമ്പോഴും സ്വകാര്യ ജീവിതത്തിലെ വെല്ലുവിളികള്‍ക്കു മുന്നില്‍ പകച്ചു പോകുന്ന യുവതലമുറയെ പ്രതിനിധീകരിക്കുന്ന ഈ ചിത്രം ഇതിനകം തന്നെ നിരവധി ചലച്ചിത്ര മേളകളില്‍ പങ്കെടുക്കുകയും നിരൂപക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്.
കുവൈറ്റില്‍ നടന്ന രാജ്യാന്തര ഹൃസ്വ ചലച്ചിത്രമേളയിലും ഇറേസര്‍ ആയിരുന്നു മികച്ച ചിത്രം. കോണ്‍വെക്സ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രത്തിന്റെ രചന യുവ നാടക രചയിതാക്കളില്‍ ഏറ്റവും ശ്രദ്ധേയനായ മുഹാദ് വെമ്പായത്തിന്റേതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: