നിങ്ങള്‍ അല്ല നമ്മള് എന്തിനാണ് വസ്ത്രം ധരിക്കുന്നത്. നഗ്നത മറയ്ക്കുന്നതിനോ വ്യക്തിത്വത്തിന് മാറ്റു കൂട്ടുന്നതിനോ അതോ മറ്റുള്ളവരെ ആകര്‍ഷിക്കുന്നതിനോ? ഉത്തരം ഇതെല്ലാമാണെന്നാണോ പറയുന്നത്.
മാറുമറയ്ക്കാനുള്ള അവകാശവും സ്വാതന്ത്രവും പോരാട്ടത്തിലൂടെ നേടിയെടുത്ത ജനത ഒരുപാട് കാലം മുന്നോട്ട് പോയി. വസ്ത്രധാരണം ഇന്ന് വ്യക്തിനിഷ്ഠമായി. എങ്ങനെ വസ്ത്രം ധരിക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്പ്പെട്ടകാര്യമാണെങ്കിലും സമൂഹം അവളുടെ അല്ലെങ്കില്‍ അവന്റെ ഉടയാടകളുടെ പിന്നാലെ പാഞ്ഞുകൊണ്ടേയിരിക്കുന്നു. ഏറ്റവും ഒടുവില്‍ ഗാനഗന്ധര്വന് യേശുദാസും വസ്ത്രധാരണത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് വിവാദത്തില്‍ അകപ്പെട്ടു.
പൊതുവേ ഏതാണ്ടെല്ലാവരും സംഗീതപ്രേമികള്‍ പ്രത്യേകിച്ചും ദാസേട്ടന് എന്നു വിളിച്ചാദരിച്ചിരുന്നയാള് പെട്ടെന്ന് ചിലര്‍ക്കെങ്കിലും യേശുദാസും ദാസും യൂദാസും ആയി. സ്ത്രീകള്‍ ജീന്‍സിട്ട് പുരുഷന്മാരെ വിഷമിപ്പിക്കരുതെന്നും മറച്ചുവയ്ക്കേണ്ടത് മറച്ചുവയ്ക്കുകതന്നെ വേണമെന്നുമാണ് ദാസേട്ടന്റെ പക്ഷം. സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യം എന്നും അദ്ദേഹം വിശ്വസിക്കുന്നു. ഈ അഭിപ്രായപ്രകടനത്താല് വഴിയെ പോയ വയ്യാവേലിയെടുത്ത് തോളില്‍ വച്ച അവസ്ഥയിലാണിപ്പോള്‍ ഗാനഗന്ധര്വന്.
മഹിളാസംഘടനകളുള്പ്പെടെ ഈ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നു. യേശുദാസിനെപ്പോലെ ഒരാള്‍ പറയേണ്ടുന്ന വര്ത്തമാനമാണോ ഇതെന്ന് പലരും പരസ്പരം ചോദിച്ചു. ദാസേട്ടന് എന്തുപറഞ്ഞാലും കേരളീയരുടെ വസ്ത്രധാരണരീതിയില്‍ മാത്രം മാറ്റം വരുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. തള്ളേണ്ടതിനെ തള്ളുകയും കൊള്ളേണ്ടതിനെ കൊള്ളുകയും ചെയ്യുന്നവരും ഇല്ലാതില്ല. അവരെങ്കിലും അദ്ദേഹം പറഞ്ഞതിലെ നല്ലവശം ഉള്ക്കൊള്ളുമായിരിക്കാം. പിന്നെ ഏതൊരാളുടെ അഭിപ്രായത്തോടും യോജിപ്പും വിയോജിപ്പും സ്വാഭാവികമാണല്ലോ?.
കാര്യം എന്തൊക്കെയായാലും നീ ഈ ഡ്രസില്‍ കൂടുതല്‍ സുന്ദരിയോ സുന്ദരനോ ആയിരിക്കുന്നെന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറയാന്‍ പറ്റുമോ. തീരെ ഡ്രസ് കോണ്‍ഷ്യസ് അല്ല എങ്കില്‍ പോലും വസ്ത്രധാരണത്തിലെ അലസമനോഭാവം പോലും മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റുന്നില്ലെ?
ഒന്ന് ചിന്തിച്ചുനോക്കു. നിങ്ങള്‍ ശരീരം മുഴുവന്‍ മൂടിപ്പുതച്ച് നടന്നാലും എങ്ങനെ നടന്നാലും നോക്കേണ്ടവര് നോക്കും. ചിലര്‍ അതില്‍ അശ്ലീലതകാണും, ചിലര്‍ ഒന്നുനോക്കി കണ്ണെടുക്കും. അത് അവരുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കും.ഏത് വസ്ത്രം എന്നതല്ല അത് ആത്മവിശ്വാസത്തോടെ പുഞ്ചിരി തൂകി സഞ്ചരിക്കാന്‍ ഉതകുന്നതരത്തിലാണെങ്കില് മറ്റു മുറുമുറുപ്പുകളെ അവഗണിച്ച് മുന്നോട്ട് പോകാം. എങ്കിലും അത് പൊതുമര്യാദകളുടെ ലംഘനമാവാതിരിക്കുന്നതാവണം എന്നതായിരിക്കും ഒരു നടുപ്പാത. പക്ഷേ, ഒരു സംശയം ആണുങ്ങളുടെ വസ്ത്രധാരണത്തെ ഒരു വിവാദം ആക്കാത്തതെന്താണ്. യേശുദാസിന്റെ അഭിപ്രായത്തോടുള്ള യോജിപ്പുകളും വിയോജിപ്പുകളുമാണിവിടെ.
പ്രമുഖരുടെ അഭിപ്രായങ്ങള്‍
ലീലാ മേനോന് (ജന്മഭൂമി എഡിറ്റര്‍)
യേശുദാസിന്റെ അഭിപ്രായം സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്. സമൂഹത്തില്‍ സ്ത്രീക്കും പുരുഷനും തുല്യസ്ഥാനമാണുള്ളത്.
സ്ത്രീകള്‍ മാന്യമായി നഗ്നത മറയ്ക്കുന്നിടത്തോളം കാലം അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. സ്ത്രീകളെ കേവലം ശരീരമായി കാണുന്നു എന്നതുകൊണ്ടാണ് വസ്ത്രധാരണം ഇത്ര ചര്‍ച്ച ചെയ്യപ്പെടുന്നത്.
യേശുദാസിന്റെ പരാമര്‍ശം അദ്ദേഹത്തിന്റെ ആരാധകര്‍ക്കും മനോവേദനയുണ്ടാക്കുന്ന കാര്യമാണ്.
ഉര്‍വശി (സിനിമാനടി)
ദാസേട്ടന് അനുഭവസമ്പത്തും ദിവ്യത്വവുമുള്ള ഒരു വ്യക്തിയാണ്. ഇന്നത്തെ സ്ത്രീകളുടെ വസ്ത്രധാരണ രീതി പലതരം രോഗങ്ങള്‍ ഉണ്ടാക്കും. വിദേശികള്‍ പിന്തുടരുന്ന വസ്ത്രധാരണം നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ചതല്ല. കുറച്ചു കാറ്റും വെളിച്ചവും കിട്ടുന്ന വസ്ത്രമാണ് ചേരുന്നത്.
ജീന്‍സിന്റെ ഉപയോഗം വളരെ കുറയ്ക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. നമ്മുടെ കാലാവസ്ഥയ്ക്കും ജീവിതസാഹചര്യത്തിനും യോജിച്ച വസ്ത്രം തന്നെയാണ് നല്ലത്.സ്ത്രീ സൗന്ദര്യത്തിന് ജീന്‍സ് ഒരിക്കലും ചേരില്ല.
പാര്‍വതി (നടി, സാമൂഹ്യ പ്രവര്‍ത്തക, സൈക്കോളജിസ്റ്റ്)
യേശുദാസ് വലിയ ഗായകനാണ്. ലോകജനത സമത്വത്തിലേക്ക് പോകാനുള്ള ശ്രമം നടക്കുന്ന ഇക്കാലത്ത് നമുക്ക് നമ്മുടെ സ്വത്വത്തെ വളര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ട് അതിനുള്ള നിയമാവകാശമുണ്ട്.
വളരെക്കാലമായി സ്ത്രീകള്‍ പുരുഷന് വിധേയരായി കഴിയുകയാണ്. ആ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് സ്വന്തം ഇഷ്ടമനുസരിച്ച് വസ്ത്രം ധരിക്കാം. അതിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ഇതുകാണുന്ന പുരുഷന്മാര്ക്ക് മറ്റു ചിന്ത ഉണ്ടാകുന്നത് അവരുടെ സംസ്കാരത്തിനനുസരിച്ചിരിക്കും.
ഏതായാലും ഇത്തരം ഒരു അഭിപ്രായം യേശുദാസിനെപ്പോലുള്ള വലിയ ഗായകനില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു.
ശോഭാ സുരേന്ദ്രന്, ബിജെപി നാഷണല്‍ എക്സിക്യൂട്ടീവ് അംഗം
കഴിഞ്ഞ പതിറ്റാണ്ടുകളായി ഔന്നത്യം പുലര്‍ത്തി പ്രതികരിക്കുന്ന വ്യക്തിയാണ് യേശുദാസ്. അദ്ദേഹത്തിന്റെ വാക്കുകളെ ഒരു മുത്തച്ഛന്റെ ഉപദേശമായി കണ്ടാല്‍ മതി. മറയ്ക്കേണ്ടത് മറയ്ക്കുകതന്നെ വേണം എന്നതില്‍ എന്താണ് തെറ്റായുള്ളത്. ജീന്‍സ് ഉപയോഗിക്കുന്നവര്‍ പൂര്‍ണമായും നഗ്നത മറച്ചാണ് സഞ്ചരിക്കുന്നതെന്ന് അഭിപ്രായപ്പെടാനാവില്ല. അപൂര്‍വം ചിലരെങ്കിലും നഗ്നത മറയ്ക്കാതെ ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവാം.
യേശുദാസ് സര്‍വരാലും ആദരിക്കപ്പെടുന്ന വ്യക്തിയാണ്. നന്മയ്ക്കുവേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്. പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കണം എന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചതില്‍ എന്താണ് തെറ്റ്. അത്രമാത്രം ക്രൂശിക്കാന്‍ മാത്രം ഒന്നും പറഞ്ഞിട്ടില്ല. യേശുദാസ് പറഞ്ഞതുകൊണ്ടുമാത്രം ആരെങ്കിലും ജീന്‍സ് ഉപേക്ഷിക്കുമോ. വസ്ത്രധാരണം കൊണ്ട് പീഡനം ഉണ്ടാകുന്നുവെന്നല്ല. സ്വയം പ്രതിരോധിക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കണം എന്ന് സര്‍ക്കാര്‍ പോലും ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.
യേശുദാസിന്റെ അഭിപ്രായം സദുദ്ദേശ്യപരവും സാംസ്കാരികവുമായിരുന്നു. ഈ വിഷയത്തില്‍ ആദ്ധ്യാത്മിക-മത- സാമുദായിക നേതൃത്വവും നിലപാട് വ്യക്തമാക്കണം.
ബിന്ദു കൃഷ്ണ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്
യേശുദാസിന്റേത് വളരെ സ്ത്രീവിരുദ്ധമായ പ്രസ്താവനയാണ്. സ്ത്രീത്വത്തെയാണ് അദ്ദേഹം അപമാനിച്ചിരിക്കുന്നത്. യേശുദാസിനെപ്പോലെ അപൂര്‍വം ചിലര്മാത്രമേ സമൂഹത്തില്‍ വിമര്‍ശനങ്ങള്‍ക്ക് അതീതരായിട്ടുള്ളു. അദ്ദേഹത്തെപ്പോലെ മഹാനായ ഒരു വ്യക്തിയുടെ വാക്കുകള്‍ അതീവ ശ്രദ്ധയോടെ കേള്‍ക്കുകയും പിന്തുടരുകയും ചെയ്യുന്ന ഒരു സമൂഹം ഇവിടെയുണ്ട്. ജീന്‍സ് ധരിക്കുമ്പോള്‍ എന്താണ് മറയ്ക്കപ്പെടാത്തതെന്ന് യേശുദാസ് വ്യക്തമാക്കണം. ജീന്‍സ് ധരിച്ചാല്‍ അത് മറ്റുള്ളവരെ ആകര്‍ഷിക്കുമെന്നും വേണ്ടാതീനമൊക്കെ തോന്നുമെന്നും പറയുമ്പോള്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ സാധൂകരിക്കുകയല്ലെ?.
സ്ത്രീപീഡകര്‍ക്ക് ബലം നല്‍കുന്നതാണ് ഈ വാക്കുകള്‍. സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യം എന്ന് പറയുമ്പോള്‍ അതിക്രമങ്ങളെ അവള് സൗമ്യമായി നേരിടണമെന്നാണോ പറയുന്നത്. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധരായവര്‍ വരെ പീഡനത്തിനിരയാവുന്നത് ജീന്‍സ് ധരിച്ചതുകൊണ്ടാണോ. സ്ത്രീകള്‍ക്കെതിരെ എന്തുമാവാം എന്നതരത്തില്‍ മനോവൈകല്യം ബാധിച്ചവരുടെ നിലപാടുകളെ സാധൂകരിക്കുന്നതാണ് യേശുദാസിന്റെ വാക്കുകള്‍. ജീന്‍സ് ധരിക്കാന്‍ പുരുഷന് സ്വാതന്ത്ര്യമുള്ളപ്പോള്‍ സ്ത്രീക്ക് എന്തുകൊണ്ടായിക്കൂട. പുരുഷകേന്ദ്രീകൃത നിലപാട് അംഗീകരിക്കാന്‍ സാധ്യമല്ല.
വസ്ത്രധാരണം വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. ജീന്‍സ് ധരിച്ചുവെന്നതുകൊണ്ടോ അല്ലെങ്കില്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ സ്ഥാനം തെറ്റിയെന്നതുകൊണ്ടോ അത് സ്ത്രീകളെ ആക്രമിക്കുന്നതിനുള്ള ലൈസന്‍സായി ആരും കാണരുത്.
റിസ്വാന മെഹമ്മൂദ്, കളമശ്ശേരി ന്യുവാല്‍സ് വിദ്യാര്‍ത്ഥിനി
ശരീരഭാഗങ്ങളെല്ലാം മറഞ്ഞിരിക്കുന്നതുകൊണ്ടാണോ ജീന്‍സ് ധരിക്കണ്ട എന്ന് പറയാന്‍ കാരണം.
സ്ത്രീയെ സംബന്ധിച്ച് അവള്‍ക്കേറ്റവും കംഫര്‍ട്ടബിള്‍ ആയ ഡ്രസ് ആണ് ജീന്‍സ്. യേശുദാസിനെ പോലൊരാള്‍ അങ്ങനെ പറഞ്ഞത് ഒട്ടും ശരിയായില്ല.
അമൃത മനയത്ത്, എംഎസ്സി കെമിസ്ട്രി വിദ്യാര്‍ത്ഥിനി, മഹാരാജാസ് കോളേജ് എറണാകുളം
വസ്ത്രധാരണത്തില്‍ ഓരോരുത്തര്‍ക്കും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. ആത്മവിശ്വസത്തെ വര്‍ധിപ്പിക്കുന്ന കാര്യംകൂടിയാണത്.
യേശുദാസ് പറഞ്ഞത് വിവാദമാക്കേണ്ട ആവശ്യമില്ല. അദ്ദേഹത്തെ എല്ലാവരും ബഹുമാനിക്കുന്നുണ്ട്. സാമൂഹ്യവിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് യേശുദാസ് അഭിപ്രായം പറയുമ്പോള്‍ അത് പ്രതിച്ഛായയെ എത്തരത്തില്‍ ബാധിക്കുമെന്നുകൂടി ശ്രദ്ധിക്കണം. ആളുകള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഓര്‍ക്കേണ്ടത് അദ്ദേഹമാണ്.
സിതാര. എസ് (എഴുത്തുകാരി)
യേശുദാസിന്റെ പരാമര്‍ശം പ്രതികരണം പോലും അര്‍ഹിക്കാത്തത്
ജീന്‍സും ആരോഗ്യപ്രശ്നങ്ങളും
ഡോ.മീര, ആയുര്‍വേദ ഡോക്ടര്‍, കേരള ആയുര്‍വേദ ലിമിറ്റഡ്, ഏലൂര്‍
ജീന്‍സ് ധരിക്കുന്നത് ഇന്ന് ഫാഷനായി മാറിയിട്ടുണ്ടെങ്കിലും അത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ഇതേക്കുറിച്ച് എത്രപേര്‍ക്ക് അറിയാം.
ജീന്‍സ് പോലെ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്ക് ഉദരസംബന്ധിയായ പ്രശ്നങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. ടൈറ്റ് പാന്റ്സ് സിന്‍ഡ്രോം എന്നാണ് ഇതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ അറിയപ്പെടുന്നതുതന്നെ. ഇറുകിക്കിടക്കുന്ന വസ്ത്രം ധരിക്കുമ്പോള്‍ ആവശ്യത്തിനുള്ള രക്തയോട്ടവും നടക്കുന്നില്ല. അടിവയറില്‍ സമ്മര്‍ദ്ദം കൂടുമ്പോള്‍ ഭക്ഷണം ദഹിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടും. നെഞ്ചെരിച്ചിലിനും ഇത് ഇടയാക്കും.
സ്ഥിരമായി ഇറുകിയ വസ്ത്രം ധരിക്കുന്നത് വന്ധ്യതയ്ക്കും കാരണമായേക്കാം. പുരുഷന്മരിലാണ് ജീന്‍സിന്റെ ഉപയോഗം മൂലം വന്ധ്യത കൂടുതലായും കണ്ടുവരുന്നത്. ജീന്‍സ് ഉപയോഗിക്കുമ്പോള്‍ ശരീരത്തിലെ താപനില വര്‍ധിക്കുന്നതായാണ് കണ്ടുവരുന്നത്. ഇക്കാരണത്താവിയര്പ്പുമൂലമുള്ള ഫംഗസ് ബാധയും ഉണ്ടാകാനിടയുണ്ട്.
ഇറുകിയ വസ്ത്രം ധരിക്കുമ്പോള്‍ ഇടുപ്പില്‍ നിന്ന് തുടയെല്ലിലേക്കിറങ്ങുന്ന സംവേദനനാഡി ഞെരുങ്ങുകയും തല്‍ഫലമായി തുടയെല്ലിനു വേദനയുണ്ടാവുകയും നില്ക്കുമ്പോള് കാലുകള്‍ കുഴഞ്ഞു പോവുന്ന അവസ്ഥയ്ക്കും കാരണമാവുന്നു.
മാത്രവുമല്ല ജീന്‍സ് നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ച വസ്ത്രമല്ല. ജീന്‍സ് കഴുകി ഉണക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് പലയാവര്‍ത്തി ഉപയോഗിച്ച ശേഷമാണ് പലരും അലക്കി വൃത്തിയാക്കുന്നത്. ഇത് ശരിയായ പ്രവണതയല്ല. കൂടുതല്‍ ഇറുക്കമില്ലാത്തതും വായുസഞ്ചാരമുള്ളതുമായ വസ്ത്രമാണ് ധരിക്കേണ്ടത്. ടൈറ്റ് വസ്ത്രങ്ങള്‍ ചര്‍മത്തിനും പ്രശ്നങ്ങളുണ്ടാക്കിയേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: