ആലപ്പുഴ: ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പ്രഖ്യാപിച്ച നിരോധനജ്ഞ ലംഘിച്ച സിപിഎം നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം നല്‍കിയ പോലീസ് നടപടി വിവാദത്തില്‍. 1973ലെ ക്രിമിനല്‍ നടപടി നിയമസംഹിതയിലെ സെക്ഷന്‍ 144 (1), (2) അനുസരിച്ചുള്ള നിരോധനസമയത്ത് നിരോധനപരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ സമരങ്ങളും പ്രകടനങ്ങളും ജാഥകളും ധര്‍ണകളും പൊതുയോഗങ്ങളും നടത്താന്‍ പാടില്ലായെന്നാണ് നിയമം. ഇത് ലംഘിച്ചാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് മാര്‍ച്ച് നടത്തിയത്.
നിയമം ലംഘിച്ച് മാര്‍ച്ച് നടത്തുകയും ബാരിക്കേഡ് മറികടന്ന് കുടുംബശ്രീ ഓഫീസ് പരിസത്തേക്ക് എത്താന്‍ ശ്രമിക്കുകയും ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ കേസെടുത്ത് വിട്ടയക്കുകയായിരുന്നു.
സമരത്തെ ശക്തമായ നേരിടാന്‍ പോലും തയ്യാറാകാതിരുന്ന പോലീസ് തുടക്കം മുതല്‍ അയഞ്ഞ സമീപനമാണ് സ്വീകരിച്ചത്. സംഘര്‍ഷ സാദ്ധ്യതയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും മതിയായ പോലീസുകാരെ പോലും പ്രദേശത്ത് വിന്യസിക്കാന്‍ തയ്യാറായിരുന്നില്ല. സംഭവസ്ഥലത്ത് എത്തിയ പോലീസുകാര്‍ക്ക് നേരെ മണല്‍ വാരി എറിയുക വരെ ചെയ്തിട്ടും സാധാരണ പോലീസുകാര്‍ സംയമനം പാലിക്കുകയാണ് ചെയ്തത്.
നിയമം ലംഘിച്ചവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ കഴിയാതെ വന്നതോടെ വലിയകുളം വാര്‍ഡില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ കൊണ്ട് എന്ത് പ്രയോജനമെന്ന ചോദ്യമാണ് ഉയരുന്നത്. അതിനിടെ ഉപരോധം നടത്തിയതിന് നൂറോളംപേര്‍ക്കെതിരെ കേസെടുത്തതായും 11പേരെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചതായും സൗത്ത് പോലീസ് അറിയിച്ചു. നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: