ഇടിക്കൂട്ടിലെ പെണ്‍സിംഹം… അതാണ് ഭാരതത്തിന്റെ സൂപ്പര്‍ ബോക്സിംഗ് താരമായ മേരികോം. അത്ലറ്റിക്സിലൂടെ കായികരംഗത്തെത്തി പിന്നീട് ബോക്സിംഗ് റിംഗിലേക്ക് കൂടുമാറി ചരിത്ര വിജയങ്ങള്‍ സ്വന്തമാക്കിയ വനിത. ഇഞ്ചിയോണ്‍ ഏഷ്യാഡില്‍ ഭാരത യശസ്സുയര്ത്തിപ്പിടിച്ചത് ‘മാഗ്നിഫിഷ്യന്റ് മേരി’ എന്ന മേരി കോമാണ്. ഫൈനലില്‍ തന്നേക്കാള്‍ ഉയരം കൂടിയ കസാക്കിസ്ഥാന്‍ താരത്തിന്റെ പഞ്ചില്‍ നിന്ന് അതിവേഗം ഒഴിഞ്ഞുമാറിയും അതിവേഗത്തിലുള്ള പ്രത്യാക്രമണവും കൊണ്ടാണ് മേരി മറികടന്നത്.
മണിപ്പൂരിലെ ബാല്യകാലം
1983 മാര്‍ച്ച് 1-ന് മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയിലെ കാംഗതെയ് ഗ്രാമത്തിലാണ് മേരിയുടെ ജനനം. ബാല്യത്തിലെ അത്ലറ്റിക്സ് താത്പര്യമുപേക്ഷിച്ചാണ് 2000-ല്‍ ബോക്സിംഗിലേയ്ക്ക് തിരിയുന്നത്. ഒടുവില്‍ 16 വര്‍ഷത്തിനുശേഷം ഡിങ്കോ സിംഗിന്റെ വഴിയില്‍ മേരിയും ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തിന്റെ സുവര്‍ണ്ണ താരമായി മാറി. അതും മൂന്നുകുട്ടികളുടെ അമ്മയായ ശേഷം.
ബോക്സിംഗ് റിംഗിലേക്ക്
പെണ്ണുങ്ങള്‍ക്ക് പറഞ്ഞതല്ല ഇടിക്കൂടെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ ഉള്‍പ്പെടെ അറിയാവുന്നവരെല്ലാം പിന്തിരിപ്പിച്ചു. പലപ്പോഴും വീട്ടുകാരുടെ കണ്ണുവെട്ടിച്ചായിരുന്നു മേരി പരിശീലനത്തിന് പോയിരുന്നത്. രണ്ടു കൊല്ലത്തിനുശേഷം സംസ്ഥാന ചാമ്പ്യനായി മേരിയുടെ ചിത്രം പത്രത്തില്‍ വന്നപ്പോഴാണ് വീട്ടുകാരും നാട്ടുകാരുമൊക്കെ കാര്യമറിഞ്ഞത്. അച്ഛന് പൊട്ടിത്തെറിച്ചു. ഇടിക്കാന്‍ പഠിക്കുന്ന കുട്ടിയെ കെട്ടാന്‍ ആരു വരും. എന്നാല്‍ മേരി പരിശീലനം ഒന്നുകൂടി കടുപ്പിച്ചു. പിന്നീടാണ് ഭാരതം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ബോക്സറായി മേരി കോം വളര്‍ന്നത്.
നേട്ടങ്ങളുടെ തോഴി
ബോക്സിംഗില്‍ അഞ്ച് തവണ ലോകചാമ്പ്യനായ ഏക വനിതയാണ് മേരി. 2001-ല്‍ അമേരിക്കയിലെ സ്ക്രാന്റണില്‍ നടന്ന ലോക വനിതാ അമേച്വര്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 48 കി.ഗ്രാമില്‍ വെള്ളി നേടി. 2002-ല്‍ തുര്‍ക്കിയില്‍ 45 കി.ഗ്രാമില്‍ സ്വര്‍ണ്ണം. പിന്നീട് നാല് തവണ കൂടി ലോകചാമ്പ്യനായി വിലസി. 2005-ല്‍ റഷ്യ, 2006-ല്‍ ന്യൂദല്‍ഹി, 2008-ല്‍ ചൈനയിലെ നിംഗ്ബൊ, 2010-ല്‍ ബാര്‍ബഡോസിലെ ബ്രിഡ്ജ് ടൗണില്‍ മേരി സ്വര്‍ണ്ണം നേടി. കൂടാതെ 2003, 05, 08, 10, 12 വര്‍ഷങ്ങളിലെ ഏഷ്യന്‍ വിമന്‍സ് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിലും വിജയി. 2012ലെ ലണ്ടന്‍ ഒളിമ്പിക്സിലും മെഡല്‍ നേടി.
പ്രണയം, വിവാഹം
നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2005-ലാണ് മേരികോം വിവാഹിതയായത്. ഓണ്‍ലെര്‍ മേരിയെ വിവാഹം കഴിച്ചു. ഇരട്ടക്കുട്ടികള്‍ക്ക് പിറന്നു. രണ്ടു വര്‍ഷം പൂര്‍ണമായി റിങ്ങില്‍ നിന്ന് വിട്ടുനിന്നു.
2008ല്‍ ഗുവാഹത്തിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയായിരുന്നു രണ്ടാം വരവ്. നിങ്ബോസിറ്റി, ബ്രിഡ്ജ്ടൗണ്‍ ലോകചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണ്ണം നേടി.
ഇഞ്ചിയോണിലെ പൊന്ന്
ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഭാരതം ഉറപ്പിച്ച സ്വര്‍ണ മെഡലായിരുന്നു മേരിയുടേത്. ജീവിതവഴിയില്‍ ഈ മുപ്പത്തിയൊന്നുകാരി താണ്ടിയ പ്രതിബന്ധങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സിയോന്ഹാക് ജിംനേഷ്യത്തിലെ കലാശപ്പോരില്‍ കസാക്കിസ്ഥാന്റെ ഷൈന ഷെകെര്ബെക്കോവ് ഉയര്‍ത്തിയ വെല്ലുവിളി എത്രയോ നിസാരമായിരുന്നു. 2013-ല്‍ മൂന്നാമത്തെ മകന് ജന്മം നല്‍കിയശേഷമുണ്ടായ ഇടവേളക്കുശേഷമാണ് ഇഞ്ചിയോണില്‍ മേരിയുടെ ചരിത്ര നേട്ടം. ഇനി മേരിയുടെ ലക്ഷ്യം 2016 ലെ റിയോ ഒളിമ്പിക്സ് സ്വര്‍ണ്ണമാണ്.
2003-ല്‍ അര്‍ജുന അവാര്‍ഡ്, 2009-ല്‍ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍രത്ന എന്നിവയ്ക്ക് പുറമെ 2010-ല്‍ പത്മശ്രീയും 2013-ല്‍ പത്മഭൂഷണും മേരിക്ക് സമ്മാനിച്ചു. നിലവില്‍ മണിപ്പൂര്‍ പോലീസില്‍ ഉദ്യോഗസ്ഥയാണ് മേരികോം.
വെള്ളിപ്പറവ
പി.ടി. ഉഷ, ഷൈനി വില്‍സണ്‍, എം.ഡി. വത്സമ്മ, റോസാക്കുട്ടി. ബീനാമോള്‍, പ്രീജ ശ്രീധരന് തുടങ്ങിയവര്‍ക്കുശേഷം കേരളം രാജ്യത്തിന് സമ്മാനിച്ച പ്രതിഭാധനയായ അത്ലറ്റാണ് ടിന്റു ലൂക്ക. ഇന്ത്യന്‍ സ്പ്രിന്റ് റാണി പി.ടി. ഉഷയുടെ അരുമശിഷ്യയായ ടിന്റു സംസ്ഥാന-ദേശീയ സ്കൂള്‍ കായികമേളകളിലൂടെയും ദേശീയ ജൂനിയര്‍ മീറ്റുകളിലൂടെയുമാണ് തന്റെ വരവ് അറിയിച്ചത്. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്ററില്‍ വെള്ളിയും 4X400 മീറ്റര്‍ റിലേയില്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണവും നേടി ടിന്റു തിളങ്ങി.
കണ്ണൂരിന്റെ ലൂക്ക
കണ്ണൂര്‍ ഇരിട്ടി വാളത്തോട് കളത്തിങ്കല്‍ ലൂക്കയുടേയും ലിനി ലൂക്കയുടേയും മകളായ ടിന്റു, ഉഷ സ്കൂള്‍ ഓഫ് അത്ലറ്റികിസിലെ പരിശീലനത്തോടെയാണ് ലോകനിലവാരമുള്ള അത്ലറ്റായി മാറിയത്. 11 വര്‍ഷമായി ഉഷാ സ്കൂളിലുണ്ട്. 2010ലെ ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്ററില്‍ വെങ്കലവും കഴിഞ്ഞ വര്‍ഷം പൂനെയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 2011ലെ കോബെ മീറ്റിലും 4ഃ400 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണവും വെള്ളിയും ടിന്റു നേടിയിട്ടുണ്ട്. കഴിഞ്ഞ പൂനെ, 2011ലെ കോബെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ വെങ്കലവും ടിന്റുവിനായിരുന്നു. 2010-ലെ ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസിലും അവസാന 40 മീറ്റര്‍ വരെ മുന്നിട്ടുനിന്നശേഷമായിരുന്നു ടിന്റു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അന്താരാഷ്ട്ര മത്സരങ്ങളിലെ പരിചയക്കുറവു തന്നെയാണ് ടിന്റുവിന് തിരിച്ചടിയായത്.
വരവറിയിച്ച് അന്താരാഷ്ട്രവേദിയിലേക്ക്
2008-ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയാണ് അന്താരാഷ്ട്ര വേദിയില്‍ ടിന്റു വരവറിയിച്ചത്. തുടര്‍ന്നിങ്ങോട്ട് നിരവധി വേദിയില്‍ ടിന്റു മത്സരിച്ചെങ്കിലും ഏറ്റവും വിലപ്പെട്ട നേട്ടം സ്വന്തമായത് ഇഞ്ചിയോണില്‍ നിന്നാണ്. 2008-ല്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്, 2009-ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, 2010-ല്‍ ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ്, 2011-ല്‍ ദേഗു ലോകചാമ്പ്യന്‍ഷിപ്പ്, 2012ലെ ലണ്ടന്‍ ഒളിമ്പിക്സ്, 2013ലെ മോസ്കോ ലോകചാമ്പ്യന്‍ഷിപ്പ്, 2014ലെ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവിടങ്ങളിലെല്ലാം ടിന്റു മത്സരിച്ചിട്ടുണ്ട്. ടിന്റുവിന്റെ കഴിവിനെ അംഗീകരിച്ച് രാജ്യം അര്‍ജുന അവാര്‍ഡ് നല്കി.
ഇഞ്ചിയോണിലെ നേട്ടം
ഇഞ്ചിയോണില്‍ നേരിയ വ്യത്യാസത്തിലാണ് ടിന്റുവിന് സ്വര്‍ണ്ണം നഷ്ടമായത്. അന്താരാഷ്ട്ര മത്സരങ്ങളിലെ പരിചയക്കുറവാണ് കാരണമായത്. അവസാന 50 മീറ്ററില്‍ മുഖഷേവ മികച്ച സ്പ്രിന്റിലൂടെ മുന്നോട്ടു കുതിച്ചപ്പോള്‍ ടിന്റുവിന് അതിന് കഴിയാതെ പോവുകയായിരുന്നു.
വനിതകളുടെ 800 മീറ്ററില്‍ നിലവിലെ ദേശീയ റെക്കോര്‍ഡും ടിന്റുവിന്റെ പേരിലാണ്. 2010-ല്‍ ക്രൊയേഷ്യയില്‍ നടന്ന കോണ്ടിനെന്റല് കപ്പിലാണ് ടിന്റു 1:59.17 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചത്.
ടിന്റുവിന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ ചിട്ടയായ പരിശീലനം മാത്രമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ടിന്റുവില്‍ നിന്ന് ഭാരതത്തിന് ഒരു ഒളിമ്പിക്സ് മെഡലും പ്രതീക്ഷിക്കാം.
ഇംഫാലിലെ ഇടിപ്പെണ്ണ്
ഇംഫാലിലെ കാര്‍ഷിക കുടുംബത്തിലാണ് സരിതാ ദേവി എന്ന ബോക്സിംഗ് താരത്തിന്റെ ജനനം. പാടത്ത് പണിക്കിറങ്ങിയും രക്ഷിതാക്കള്‍ക്കൊപ്പം വിറക് ശേഖരിച്ചുമാണ് കുട്ടിക്കാലം സരിത ചെലവിട്ടത്. 12 -ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബോക്സിംഗിലേക്ക് തിരിഞ്ഞു. സഹോദരന് ദേവേന്ദ്രോ സിംഗാണ് പ്രചോദനം. 2000 മുതലാണ് പ്രൊഫഷണല്‍ ബോക്സിംഗിലേക്ക് എത്തുന്നത്. ആ വര്‍ഷം തന്നെ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സരിത ഭാരത പ്രതിനിധിയായി. അന്ന് വേദിവിടുമ്പോള്‍ കൈയില്‍ വെള്ളിമെഡല്‍. തുടര്‍ന്ന് നിരവധി വിജയങ്ങള്‍. 2006-ല്‍ ദല്‍ഹിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍. ഈ വര്‍ഷം ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡലും സരിത നേടി. ഇതോടെ ബോക്സിംഗ് റിങ്ങിലെ കരുത്തുറ്റ വനിതായായി സരിതാദേവി. 2009-ല്‍ അര്‍ജുന അവാര്‍ഡ് നല്കി രാജ്യം ആദരിച്ചിട്ടുമുണ്ട്.
കണ്ണീര് മെഡല്‍
ബോക്സിംഗില്‍ റഫറിമാരുടെ ചതിക്ക് ഇരയായി സെമിയില്‍ തോല്‍ക്കേണ്ടി വന്നു സരിതയ്ക്ക്. മെഡല്‍ദാന ചടങ്ങില്‍ പൊട്ടിക്കരഞ്ഞ സരിത വെങ്കല മെഡല്‍ അണിയാനും വിസമ്മതിച്ചു. മെഡല്‍ദാന ചടങ്ങിലുടനീളം പൊട്ടിക്കരഞ്ഞ സരിത മനസ്സില്ലാമനസോടെയാണ് മറ്റ് മെഡല്‍ ജേതാക്കള്‍ക്കൊപ്പം വേദിയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. വെങ്കലം നേടിയ വിയറ്റ്നാമിന്റെ തി ഡ്യൂയന് നിര്‍ബന്ധിച്ചാണ് സരിതയെ മെഡല്‍ പീഠത്തില്‍ കയറ്റിയതുപോലും.
ഗെയിംസിന്റെ പതിനൊന്നം ദിനമാണ് വനിതകളുടെ 57 കിലോഗ്രാം ലൈറ്റ്വെയ്റ്റ് വിഭാഗം ബോക്സിങ്ങിന്റെ സെമിയില്‍ സരിതാദേവി പരാജയപ്പെട്ടത്. മത്സരത്തില്‍ വ്യക്തമായ ആധിപത്യമുണ്ടായിട്ടും വിവാദ തീരുമാനത്തിലൂടെ തന്നെ തോല്‍പ്പിക്കുകയായിരുന്നുവെന്ന് മത്സരശേഷം സരിതാദേവി പറഞ്ഞു. പ്രതിഷേധം പ്രകടപ്പിച്ചശേഷം റിങ് വിട്ട സരിത പിന്നീട് വാര്‍ത്താലേഖകര്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ചു. സരിതയുടെ തോല്‍വി അംഗീകരിക്കാനാകാതെ ഭര്‍ത്താവ് ചൊനത്സം തോയ്ബാ സിങ് വികാരാധീനനായത് നാടകീയ സംഭവങ്ങള്‍ക്കും ഇടയാക്കി. ഗസ്റ്റ് പാസില്‍ ഭാര്യയുടെ മത്സരം കാണാനെത്തിയ ഈ മുന്‍ ഫുട്ബോളര്‍ക്ക് വികാരം നിയന്ത്രിക്കാനായില്ല. കൊറിയന്‍ അധികൃതര്‍ക്കെതിരെ അദ്ദേഹം പൊട്ടിത്തെറിച്ചു. കൂടെയുള്ളവര്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടും അദ്ദേഹം അടങ്ങാന്‍ കൂട്ടാക്കിയില്ല.
നിരുപാധികം മാപ്പു പറഞ്ഞു
മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതിന് പിന്നീട് സരിതാദേവി നിരുപാധികം മാപ്പുപറഞ്ഞു. അസോസിയേഷന്റെ വിലക്ക് ഭീഷണിയെത്തുടര്‍ന്നായിരുന്നു ഇത്.
സീമ ആന്റില്‍ അഥവാ സീമ പൂനിയ
90 കിലോ തൂക്കം 186 സെന്റീ മീറ്റര്‍ ഉയരം. 1983 -ല്‍ ഹരിയാനയില്‍ ജനനം. സീമ ആന്റില്‍ അല്ലെങ്കില്‍ സീമ പൂനിയ എന്നു വിളിക്കാം ഈ വനിതയെ. ഇഞ്ചിയോണില്‍ സ്വര്‍ണ്ണം നേടിയ മൂന്നാമത്തെ വനിതാ താരം. ഹരിയാന പോലീസില്‍ സബ് ഇന്‍സ്പെക്ടറാണ് ഈ 31കാരി. ഭര്‍ത്താവും പരിശീലകനുമായ അങ്കുഷ് പൂനിയയുടെ നാടായ യുപിയിലെ മീറത്തിലാണ് സീമ പരിശീലനം നടത്തുന്നത്. ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും ഇതിനു മുമ്പ് നേടിയിട്ടുണ്ട്.
കായിക ജീവിതം
പതിനൊന്നാം വയസിലാണ് സീമയുടെ കായിക ജീവിതം ആരംഭിക്കുന്നത്. ഹഡില്‍സിലും ലോംഗ്ജെമ്പിലും ആദ്യകാലത്ത് പങ്കെടുത്തിരുന്ന ഇവര്‍ പിന്നീട് ഡിസ്കസ് ത്രോയിലേക്ക് മാറുകയായിരുന്നു. കുട്ടിക്കാലത്ത് മില്ലേനിയം ഗേള്‍ എന്നാണ് സഹപാടികള്‍ സീമയെ വിളിച്ചിരുന്നത്. സോനിപ്പത്തതിലെ ഗവണ്മെന്റ് കോളേജിലായിരുന്നു പഠനം. 2000ല്‍ ചിലിയില്‍ നടന്ന ലോകജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് സീമ ആന്റില്‍ ശ്രദ്ധനേടിയത്.
മരുന്നടിയും വിവാദവും
ഉത്തേജക മരുന്നുപയോഗത്തിന്റെ നിഴലില്‍നിന്നാണ് സീമ ഇഞ്ചിയോണിലെ സ്വര്‍ണത്തിളക്കത്തിലേക്ക് ഡിസ്ക് പായിച്ചത്. 2006-ല്‍ ദോഹ ഏഷ്യാഡിനുള്ള ക്യാമ്പില്‍വെച്ച് മരുന്നടിയുടെ പേരില്‍ മാറ്റിനിര്‍ത്തിയെങ്കിലും ശക്തിയോടെ തിരിച്ചുവരാന്‍ ഈ താരത്തിനായി. അങ്ങനെ 31-ാം വയസ്സില്‍ ഏഷ്യാഡില്‍ അരങ്ങേറ്റത്തില്‍തന്നെ സ്വര്‍ണവും സ്വന്തമാക്കി.
അടുത്ത ലക്ഷ്യം
അടുത്ത വര്‍ഷം ആഗസ്റ്റില്‍ ബീജിങ്ങില്‍ അരങ്ങേറുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പും 2016ലെ റിയോ ഒളിമ്പിക്സുമാണ് ഇനി സീമയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: