മധുര റെയില്‍വേയില്‍ ഗാര്‍ഡായി ജോലി ലഭിക്കുക. അതും വനിതാ ഗാര്‍ഡായി. വര്‍ക്കല സ്വദേശി തമ്പുരുവാണ് ഈ അപൂര്‍വനേട്ടം കൈവരിച്ചത്. സതേണ്റെയില്വേയുടെ മധുര ഡിവിഷനില്‍ തിരുനെല്‍വേലി ഡിപ്പോയിലെ ആദ്യ വനിതാ ഗാര്‍ഡായാണ് നിയമനം. തമിഴ്നാട്ടില്‍ ഈ തസ്തികയില്‍ നിയമിതയാകുന്ന ആദ്യ വനിത എന്ന ബഹുമതി ഇനി തമ്പുരുവിന് സ്വന്തം.
വര്‍ക്കല നഗരസഭയിലെ മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കരുനിലക്കോട് പാലവിള വീട്ടില്‍ വി.ദേവപ്രസാദിന്റെയും പുഷ്പലതയുടെയും മകളാണ് തമ്പുരു. ബിഎസ്സി ബിഎഡും ഡിസിഎയും പാസായി. റെയില്‍വേയുടെ പരീക്ഷകള്‍ എഴുതി പാസായവരില്‍ ഒന്‍പതു പെണ്‍കുട്ടികളായിരുന്നു. ഇതില്‍ ആദ്യനിയമനം തമ്പുരുവിന് ലഭിച്ചു. ജോലിയില്‍ പ്രവേശിച്ചിട്ട് അഞ്ചുമാസമായി. വനിതകള്‍ അധികം കടന്നുവരാത്ത മേഖലയായതിനാല്‍ ഈ നിയമനം ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്ന് തമ്പുരു പറയുന്നു.
ഇന്ത്യന്‍ റെയില്‍വേയുടെ 150- ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ നിയമനം ലഭിച്ചതില്‍ വളരെ സന്തോഷത്തിലാണ് തമ്പുരു. ട്രിച്ചിയിലായിരുന്നു ആദ്യ പരിശീലനം. തുടര്‍ന്ന് മധുര റെയില്‍വേ ആസ്ഥാനത്താണ് ആദ്യം ജോലിയില്‍ പ്രവേശിച്ചത്. ഇപ്പോള്‍ തിരുനെല്‍വേലി ഡിപ്പോയില്‍. തിരുനെല്‍വേലി-തൃച്ചന്തൂര്‍ റൂട്ടിലായിരുന്നു ആദ്യം ഡ്യൂട്ടി ചെയ്തത്. അങ്ങനെ തിരുനെല്‍വേലിയിലും മധുരയിലും ആദ്യ വനിതാ ഗാര്ഡാകാനുള്ള ഭാഗ്യമുണ്ടായി.
സി ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് മാസ്റ്ററുടെ ഗ്രേഡിലാണ് നിയമനം. തുടക്കത്തില്‍ പരിചയസമ്പന്നരായ ഗാര്‍ഡും ഒപ്പമുണ്ടായിരുന്നു. പിന്നീട് തിരുനെല്‍വേലി ഡിപ്പോയിലേക്ക് നിയമിക്കുകയായിരുന്നു. അവിടെ മധുര ഡിണ്ടിഗല്‍ ഐആര്‍സിടിസി പാസഞ്ചര്‍ ട്രെയിനുകളില്‍ ഗാര്‍ഡായി ജോലി ചെയ്യുന്നു. നൈറ്റ് ഡ്യൂട്ടി വരാറുണ്ടെങ്കിലും സുരക്ഷ ഉറപ്പുവരുത്താന്‍ റെയില്‍വേ ശ്രദ്ധിക്കുന്നുണ്ടെന്ന് തമ്പുരു പറയുന്നു.
കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നെങ്കിലും ഉയരം കുറവെന്ന കാരണത്താല്‍ നിയമനം ലഭിച്ചില്ല. ഏതായാലും മധുരയിലെ ആദ്യവനിതാ ഗാര്ഡായതിന്റെ അഭിമാനത്തിലാണ് തമ്പുരു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: