പൂച്ചാക്കല്‍: വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതോടൊപ്പം ആത്മവിശ്വാസവും ആരോഗ്യവും നല്കാന് പെരുമ്പളം ഗവ.എച്ച്എസ്, എല്‍പി സ്കൂളില്‍ ആരംഭിച്ച കരാട്ടെ, യോഗ പരിശീലനം മാതൃകയാകുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്മുറിക്ക് പുറത്ത് ആരോഗ്യപരിപാലനവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ധ്യാപക-രക്ഷകര്‍ത്താ സംഘടനയുടെ നേതൃത്വത്തില്‍ സ്കൂളില്‍ കരാട്ടെ, യോഗ പരിശീലനം നല്‍കുന്നത്.
തുടക്കത്തില്‍ അധികം വിദ്യാര്ഥികളില്ലായിരുന്നുവെങ്കിലും ഇപ്പോള്‍ രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 100 ഓളം വിദ്യാര്‍ത്ഥികള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നു. തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ 9.30 വരെയാണ് ഇപ്പോള്‍ പരിശീലനം നടക്കുന്നത്. വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കരാട്ടെ സ്കൂളിലെ അദ്ധ്യാപകരായ വിനു, ഭാര്യ ജയ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്.
യോഗാ പരിശീലനം നല്‍കുന്നത് സ്കൂളിലെ അദ്ധ്യാപിക സരിതയുടെ നേതൃത്വത്തിലാണ്. ഇതോടൊപ്പം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഇംഗ്ലീഷ് പരിശീലന ക്ലാസും സംഘടിപ്പിക്കുന്നു. ഓരോ സ്കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്ന് പരിശീലനം നല്‍കുന്നതിനും സ്കൂള്‍ അധികൃതര്‍ പ്രത്യേകം സംവിധാനം ഒരുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: