ഹരിപ്പാട്: അമിത വേഗതയില്‍ നിയന്ത്രണം വിട്ട കെസിടി ബസ് മതിലിലിടിച്ച് ഒരു കുട്ടിയടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. മുതുകുളം സ്വദേശികളായ മുറ്ഫീന് (10), ആനന്ദവല്ലി (46) എന്നിവരെയാണ് ഹരിപ്പാട് താലൂക്ക് ആശൂപത്രിയില്‍ പ്രവേശിപ്പിച്ചത്.
കായംകുളം കാര്‍ത്തികപ്പള്ളി റോഡില്‍ മുതുകുളം കല്ലുംമൂട് ജങ്ഷന് സമീപം ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. കായംകുളത്തു നിന്ന് തൃക്കുന്നപ്പുഴയിലേക്കു വരുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കല്ലുംമൂട് ഭാഗത്ത് എത്തിയപ്പോള്‍ സ്റ്റിയറിങ്ങും ബസിന്റെ ചക്രങ്ങളുമായി ബന്ധിപ്പിക്കുന്ന ഭാഗവുമായുള്ള ബന്ധം വിട്ടു.
സമീപത്തെ കേബിള്‍ വിഷന്റെയും വൈദ്യുതി പോസ്റ്റിന്റെയും ഇടയിലൂടെ പാഞ്ഞ ബസ് റോഡ് അരികിലെ ശ്രീമന്ദിരത്തില്‍ ഡോ. ശ്രീരാജിന്റെ മതില് ഇടിച്ചു തകര്‍ത്ത് ആശുപത്രി റോഡ് മറികടന്ന് വള്ളിക്കാടില്‍ കരുങ്ങി നിന്നു. ഇതിനിടെ ഡ്രൈവര്‍ അനുരാജ് എഴുന്നേറ്റു നിന്ന് ബ്രേക്ക് ചവിട്ടുകയും ചെയ്തു.
പതിനഞ്ചോളം യാത്രക്കാരില്‍ പരിക്കേറ്റ രണ്ടുപേരെ ഹരിപ്പാട് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചതായി അശുപത്രി അധികൃതര്‍ പറഞ്ഞു. ബസ് കാലപ്പഴക്കം ചെന്നതാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: