ആലപ്പുഴ: 35-ാമത് ദേശീയഗെയിംസിന്റെ കനോയിങ്-കയാക്കിങ്, റോവിങ് മത്സരങ്ങള്‍ ആലപ്പുഴയില്‍ നടക്കും. റോവിങ് മത്സരം 2015 ഫെബ്രുവരി രണ്ടു മുതല്‍ അഞ്ചു വരെയും കനോയിങ്-കയാക്കിങ് മത്സരങ്ങള്‍ ഫെബ്രുവരി 10 മുതല്‍ 13 വരെയും നടക്കും.
മന്ത്രി രമേശ് ചെന്നിത്തല രക്ഷാധികാരിയായി ദേശീയഗെയിംസിന്റെ ജില്ലാ സംഘാടകസമിതിയും 18 അംഗഎക്സിക്യൂട്ടീവ് കമ്മിറ്റിയും ഒമ്പതു സബ് കമ്മിറ്റികളും രൂപീകരിച്ചു. മന്ത്രി അടൂര്‍ പ്രകാശാണ് സമിതിയുടെ ചെയര്മാന്. യോഗത്തില്‍ കെ.സി. വേണുഗോപാല്‍ എംപി അദ്ധ്യക്ഷത വഹിച്ചു.വേദി സംബന്ധിച്ച് കായികതാരങ്ങള്‍ ഉയര്‍ത്തിയ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു നല്‍കും. വേദിയുമായി ബന്ധപ്പെട്ട് റോഡ് നിര്‍മിക്കുന്നതും പുനരുദ്ധരിക്കുന്നതുമടക്കമുള്ള പ്രവൃത്തികള്‍ക്ക് അഞ്ചുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി ദേശീയഗെയിംസ് കോര്‍ഡിനേറ്റര്‍ ആര്. അനില്‍കുമാര്‍ പറഞ്ഞു.
റോവിങ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ജനുവരി 30ന് ആലപ്പുഴയിലെത്തും. കായികതാരങ്ങളും ഒഫീഷ്യലുകളുമായി 466 പേര്‍ക്കാണ് താമസസൗകര്യമൊരുക്കേണ്ടത്. കനോയിങ്-കയാക്കിങ് മത്സരങ്ങള്ക്കുള്ളവര് ഫെബ്രുവരി എട്ടിനെത്തും. ഈ വിഭാഗത്തിലെ 475 പേര്‍ക്കാണ് താമസസൗകര്യമൊരുക്കേണ്ടത്. കായികതാരങ്ങള്‍ക്കും ഒഫീഷ്യല്‍സിനുമായി റ്റു സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെ സൗകര്യങ്ങളുള്ള 198 റൂമുകള്‍ ഒരുക്കും.
കായികതാരങ്ങള്‍ക്കും ടീം ഒഫീഷ്യല്‍സിനുമായി റ്റു സ്റ്റാര്‍ സൗകര്യമുള്ള 153 മുറികളും ടെക്നിക്കല്‍ ഒഫീഷ്യല്‍സിന് ത്രീ സ്റ്റാര്‍ സൗകര്യമുള്ള 25 മുറികളും ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് ഒഫീഷ്യല്‍സിന് ഫോര്‍/ഫൈവ് സ്റ്റാര്‍ സൗകര്യമുള്ള 10 മുറികളും ഒരുക്കും. വോളന്റിയര്‍മാരായി 192 പേരും ഭരണനിര്‍വഹണത്തിന് 35 ഉദ്യോഗസ്ഥരും ഉണ്ടാകും. ഗതാഗതസൗകര്യത്തിനായി 83 ബസുകള്‍, 40 കാറുകള്‍, രണ്ടു മിനി ബസുകള്‍ എന്നിവ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. മൊത്തം 1,054 പേര്‍ക്ക് താമസസൗകര്യമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: