കുട്ടനാട്: വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ സ്വന്തം മുന്നണിക്കാര്‍ അവിശ്വാസത്തിലൂടെ പുറത്താക്കി. സിപിഐക്കാരിയായ ലിസമ്മ സ്കറിയയെയാണ് എല്‍ഡിഎഫുകാര്‍ അവിശ്വാസത്തിലൂടെ പുറത്താക്കിയത്. ഇവര്‍ക്കെതിരെ യുഡിഎഫും അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും എല്‍ഡിഎഫിന്റെ അവിശ്വാസമാണ് പരിഗണിച്ചത്. ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫുകാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വോട്ടെടുപ്പില്‍ ലിസമ്മയ്ക്ക് സ്വന്തം വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ഏഴ് വോട്ടുകള്‍ എതിരായാണ് രേഖപ്പെടുത്തിയത്. സിപിഎമ്മിനും സിപിഐക്കും ഊഴം വച്ചാണ് പ്രസിഡന്റ് സ്ഥാനം നല്കാന് തീരുമാനിച്ചിരുന്നത്. സിപിഎമ്മിന്റെ വി.കെ. വേണുഗോപാലായിരുന്നു ആദ്യം പ്രസിഡന്റ്. പിന്നീട് സിപിഐയുടെ ലിസമ്മയ്ക്ക് വേണ്ടി രാജിവയ്ക്കുകയായിരുന്നു. സിപിഐക്കുള്ളിലെ ധാരണ പ്രകാരം കാലാവധി കഴിഞ്ഞ് ലിസമ്മ രാജിവയ്ക്കാത്തതാണ് പ്രശ്നം സൃഷ്ടിച്ചത്. എല്‍ഡിഎഫ് സ്വതന്ത്രനായ പി.സി. മോനിച്ചനെ പ്രസിഡന്റാക്കണമെന്നും ലിസമ്മ രാജിവയ്ക്കണമെന്നും സിപിഐ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ലിസമ്മ വഴങ്ങിയില്ല. സിപിഐയിലെ തന്നെ പ്രബല വിഭാഗം ലിസമ്മയ്ക്ക് ഒത്താശ ചെയ്തതായി പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടനാട്ടില്‍ സിപിഐ രണ്ടു തട്ടിലായിരിക്കുകയാണ്. അതിനിടെ തങ്ങളുടെ അവിശ്വാസ പ്രമേയം പരിഗണനയ്ക്കെടുക്കാതിരുന്നത് സിപിഎമ്മുകാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറിയില്‍ സമ്മര്‍ദ്ദം ചെലുത്തിയത് മൂലമാണെന്ന് യുഡിഎഫ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: