എന്‍ജിയറിങ് കോളേജ് റോഡിലെ മാലിന്യകൂമ്പാരം
ചെങ്ങന്നൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരം ശുചിത്വ പൂര്‍ണമായ ഭാരതം എന്ന ലക്ഷ്യത്തോടെ രാജ്യമൊട്ടാകെ പ്രവര്‍ത്തനങ്ങള്‍ പരോഗമിക്കുമ്പോഴും ചെങ്ങന്നൂര്‍ നഗരസഭയിലെ പ്രവര്‍ത്തനങ്ങള്‍ പ്രഹസനമാകുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി പൊതുജനങ്ങളുടെ യാത്ര ദുരിതപൂര്ണമാക്കിയിരിക്കുകയാണ്.
എംസിറോഡില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം, എഞ്ചിനീയറിങ് കോളേജ് ജങ്
ഷന്-കോളേജ് റോഡ്, ഐടിഐ ജങ്ഷന്, നഗരത്തിലെ പ്രധാന ഇടറോഡുകള്‍ എന്നിങ്ങനെ നിരവധി ഭാഗങ്ങളിലാണ് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിക്കിടക്കുന്നത്. ഗാന്ധി ജയന്തി ദിനത്തില്‍ നഗരം മാലിന്യമുക്തമാക്കുമെന്ന് എംഎല്‍എയും, നഗരസഭാ ചെയര്‍പേഴ്സണും പ്രഖ്യാപിച്ചെങ്കിലും മാലിന്യങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഹോട്ടലുകള്‍, പച്ചക്കറി കടകള്‍ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഇത്തരം പ്രദേശങ്ങളില്‍ കുമിഞ്ഞു കൂടുന്നു. ഇതുമൂലം തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. അസഹ്യമായ ദുര്‍ഗന്ധവും അനുഭവപ്പെടുന്നുണ്ട്. ഇത് കടുത്ത ആരോഗ്യ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
ദിവസങ്ങള്‍ മുന്‍പ് തെരുവുനായയുടെ ആക്രമണത്തില്‍ ഒരാളുടെ കാലിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാത്രികാലങ്ങളിലാണ് കൂടുതലായും മാലിന്യങ്ങള്‍ ഇത്തരം പ്രദേശങ്ങളിലേക്ക് തള്ളുന്നത്. ഇത്തരക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകുന്നില്ല. രാജ്യത്തെ ശുചിത്വ ഭാരതമാക്കിമാറ്റാന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകുമ്പോഴും നഗരസഭാ നേതൃത്വത്തിന്റെ ഇത്തരം അവഗണനയില്‍ ശക്തമായ പ്രതിഷധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: