ആലപ്പുഴ: ‘108’ ആംബുലന്‍സ് ഡ്രൈവറുടെ ജീവന് പണയം വച്ചുള്ള ഓട്ടത്തില്‍ മൂന്നരവയസുകാരന്റെ ജീവന് രക്ഷിച്ചു. കോമളപുരം അവലൂക്കുന്ന് വേങ്ങാശേരില് നാരായണ അയ്യര്‍-നിഷ ദമ്പതികളുടെ മകന് മൂന്നര വയസുകാരന് അനുശ്രീ അയ്യരുടെ ജീവനാണ് ആംബുലന്‍സ് ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ രക്ഷിക്കാനായത്.
തലച്ചോറില്‍ വെള്ളം നിറയുന്ന അപൂര്‍വ രോഗത്തിന് നാല് ദിവസം മുന്‍പാണ് അനുശ്രീയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ പരിശോധനക്കെത്തിയ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അടിയന്തര ശസ്ത്രക്രിയ വേണമെന്ന് നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം ശ്രചിത്രയില് ഡോക്ടര്‍ തന്നെ വിളിച്ച് അതിനുള്ള ക്രമീകരണങ്ങളും ഉറപ്പാക്കി. ട്രാഫിക് നിയന്ത്രണങ്ങള്‍ ഒരുക്കാനായി എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥരും വേണ്ട കാര്യങ്ങള്‍ ചെയ്തു.
ഞായറാഴ്ച വൈകിട്ട് 5.20 ഓടെ ഷിജി ഡ്രൈവറായുള്ള ‘108’ ആംബുലന്‍സില്‍ മെയില്‍ നഴ്സായ ബയ്സിന്റെ പരിചരണത്തില്‍ മാതാപിതാക്കളോടൊപ്പം യാത്ര തിരിച്ചത്. നീണ്ടകരമുതല്‍ ശ്രീചിത്രവരെ പോലീസ് ജീപ്പില്‍ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഒരു മണിക്കൂര്‍ 40 മിനിറ്റ് കൊണ്ട് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ഉടനെ തന്നെ ശസ്ത്രക്രിയ നടത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ശ്രീചിത്ര വരെ 160 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധാരണഗതിയില്‍ മൂന്ന് മണിക്കൂറിലേറെ വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: