ആലപ്പുഴ: മാലിന്യനിര്‍മ്മാര്‍ജനത്തിനുള്ള ഏറ്റവും എളുപ്പമാര്‍ഗം അത് ഉറവിടത്തില്‍ത്തന്നെ സംസ്കരിക്കുകയാണെന്നും ഓരോ വീട്ടിലും ഉണ്ടാകുന്ന മാലിന്യം അവിടെത്തന്നെ സംസ്കരിച്ച് കമ്പോസ്റ്റ് വളമാക്കി മാറ്റണമന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികമായ 2019 ഒക്ടോബര്‍ രണ്ടോടു കൂടി രാജ്യം ശുചിത്വഭാരതമാക്കി മാറ്റുന്ന സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഒരു മാസത്തെ ശുചിത്വകാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഹരിപ്പാട്ട് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
മലയാളികള്‍ പൊതുവെ ശുചിത്വമുള്ളവരാണ്. പക്ഷേ, പരിസരശുചിത്വമെന്നത് കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ട ഒരു കാര്യമായി നാം എടുക്കാറില്ല. വീടുകളിലും കടകളിലുമുള്ള മാലിന്യങ്ങള്‍ പലപ്പോഴും റോഡിലേക്കു വലിച്ചെറിയുകയോ പ്രധാന സ്ഥലങ്ങളില്‍ കുന്നു കൂട്ടുകയോ ചെയ്യുന്നു. ഇതിന്റെ ഫലമായി പകര്‍ച്ചവ്യാധികളുണ്ടാകുന്നു. മാലിന്യസംസ്കരണത്തില്‍ നാം കൂടുതല്‍ ശ്രദ്ധ കാണിക്കണം. സ്ത്രീകള്‍ വിചാരിച്ചാല്‍ ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സ്വന്തം പരിസരം ശുചിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ആരോഗ്യത്തിനു കൂടി ആവശ്യമാണ്. കേരളം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പരിസരശുചിത്വമില്ലായ്മയാണ്. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മാലിന്യസംസ്കരണത്തില്‍ വലിയ പങ്കു വഹിക്കാന്‍ കഴിയും.
പൊതുജനങ്ങള്‍ കൂടുതല്‍ വരുന്ന സ്ഥലങ്ങളിലും ഓഫീസുകളിലും കെട്ടിക്കിടക്കുന്ന മാലിന്യം നിര്‍മ്മാര്‍ജനം ചെയ്ത് പരിസരം വൃത്തിയുള്ളതാക്കി മാറ്റാന്‍ നാം പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. കെ.സി. വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ശുചിത്വസമിതി ചെയര്‍പേഴ്സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: