ഇസ്ലാമാബാദ്: പാക്കിസ്ഥാന് സേനയുടെ ക്ഷമ ഭാരതം പരീക്ഷിക്കരുതെന്ന് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്. അതിര്‍ത്തിയില്‍ ഭാരതം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നുവെന്ന് ആരോപിച്ചാണ് മുഷാറഫിന്റെ വിവാദ പ്രസ്താവന.
ഭാരതത്തിന്റെ ഭാഗത്തു നിന്നും തുടര്‍ച്ചയായി അതിര്‍ത്തിയില്‍ ഉണ്ടാകുന്ന വെടിനിര്‍ത്തല്‍ ലംഘനം നല്ലതല്ലെന്നും ഇതാവര്‍ത്തിക്കാതിരിക്കാന്‍ ഭാരതം ഉറച്ച തീരുമാനമെടുക്കണെന്നും മുഷറഫ് വ്യക്തമാക്കി. അതിര്‍ത്തിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരുന്നു. ഇതിനിടെയാണ് മുഷാറഫിന്റെ പ്രസ്താവന.
ഭാരതത്തിന്റെ അതിര്‍ത്തി രക്ഷാ സേനയായ ബിഎസ്എഫിന്റെ റിപ്പോര്‍ട്ട് പ്രകാരം 1971ലെ ഇന്ത്യ- പാക്കിസ്ഥാന് യുദ്ധത്തിനുശേഷം അതിര്‍ത്തിയില്‍ നടക്കുന്ന ഏറ്റവും രൂക്ഷമായ വെടിവെപ്പാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ചത്.
നിലവിലെ പാക്കിസ്ഥാന് സര്‍ക്കാരും തിരഞ്ഞെടുപ്പ് രീതിയും ആവര്‍ത്തനവിരസമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചിരുന്നു സംസാരിക്കുകയും അതിലൂടെ ഉരുത്തിരിയുന്ന ആശയത്തിലൂടെ മാത്രമേ പുതിയ സര്‍ക്കാരും പുതിയ തിരഞ്ഞെടുപ്പ് രീതിയും രൂപപ്പെടുകയുള്ളൂ. രാജ്യത്തെ ഉയര്ച്ചയിലെത്തിക്കാന് രാഷ്ട്രീയ തിരഞ്ഞെടുപ്പിലെ മാറ്റം അനിവാര്യമാണെന്നും മുഷറഫ് ചൂണ്ടിക്കാട്ടി.
പാക് സുപ്രീംകോടതിയില്‍ മുഷാറഫിനെതിരെ രാജ്യദ്രോഹക്കുറ്റത്തിനുള്ള കേസ് നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: