ചേര്‍ത്തല: ബ്രെയിന്‍ട്യൂമര്‍ ബാധിച്ച നിര്‍ധന കുടുംബത്തിലെ ഗൃഹനാഥന്റെ ചികിത്സക്കായി പണം സ്വരൂപിക്കാന്‍ ഗ്രാമവാസികള്‍ ഒന്നടങ്കം ഞായറാഴ്ചയിറങ്ങും. തണ്ണീര്‍മുക്കം പഞ്ചായത്ത് 21- ാം വാര്‍ഡ് ഇന്ദു നിവാസില്‍ ബേബിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുവാനും ഒപ്പം മനോരോഗിയായ ഏകമകന് രാജീവ് (25) ഭാര്യ അംബിക എന്നിവരുടെ ചികിത്സയും നാട്ടുകാര്‍ ലക്ഷ്യം വയ്ക്കുന്നു. ഇവരുടെ മറ്റൊരു മകന് 19-ാം വയസില്‍ ബ്രെയിന്‍ട്യൂമര്‍ ബാധിച്ച് മരിച്ചിരുന്നു. ഏകാശ്രയമായ മകന് രാജീവിനും മനോനില തെറ്റിയത് കുടുംബത്തിന്റെ താളം തെറ്റിച്ചിരുന്നു.
ചേര്‍ത്തല നഗരത്തിലും പരിസരപ്രദേശങ്ങളിലും തള്ള് വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റാണ് ബേബി കുടുംബം പുലര്‍ത്തിയിരുന്നത്. രോഗിയാണെങ്കിലും മകന് രാജീവും അച്ഛനെ സഹായിക്കുവാന്‍ ഇടയ്ക്ക് എത്തിയിരുന്നു. ഇതിനിടെയാണ് ബേബിക്ക് ബ്രയിന്ട്യൂമറെന്ന് മനസിലാകുന്നത്. തുടര്‍ന്ന് വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ബേബി. തുടര്‍ചികിത്സയ്ക്ക് വേണ്ട ലക്ഷങ്ങള്‍ മുടക്കുവാന്‍ ഈ കുടുംബത്തിന് കഴിയാതെ വന്നപ്പോഴാണ് നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാ സഹായനിധി രൂപീകരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മുതല്‍ രണ്ടു വരെ 21-ാം വാര്‍ഡിലെ എല്ലാ വീടുകളിലും വാര്‍ഡ് മെമ്പര്‍ എ.വി. സിനിയുടെ നേതൃത്വത്തില്‍ ചികിത്സാ ഫണ്ട് സ്വരൂപിക്കും.
തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പത്മാവതിയമ്മ രക്ഷാധികാരിയും, വാര്‍ഡ് മെമ്പര്‍ ചെയര്‍മാനും, സി.എസ്. റോജിമോന്‍ ജനറല്‍ കണ്‍വീനറായുമുള്ള രക്ഷാസമിതി ചേര്‍ത്തല വിജയാ ബാങ്കില്‍ 203401011002281, ഐഎഫ്എസ്സി വിഐജെബി0002034 എന്ന പേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: