ആലപ്പുഴ: ജില്ലയിലെ ഗാന്ധി ജയന്തി വാരാഘോഷത്തില്‍ മദ്യ-ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ശുചിത്വപരിപാടികള്ക്കും പ്രധാന്യം. ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒരു മാസം നീളുന്ന പ്രത്യേകപരിപാടികള്ക്ക് മന്ത്രി രമേശ് ചെന്നിത്തല നേതൃത്വം നല്‍കും.
വ്യാഴാഴ്ച മുതല്‍ എട്ടു വരെ നടത്തുന്ന വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കെ.സി. വേണുഗോപാല്‍ എംപി നിര്‍വഹിക്കും. രണ്ടിനു രാവിലെ ഒമ്പതിന് സിവില്‍ സ്റ്റേഷനില്‍ നടക്കുന്ന ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ജി. സുധാകരന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും
ആറിന് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാസ്ഥാപനങ്ങളും പരിസരവും ശുചീകരിക്കും. ജില്ലയിലെ വിവിധഭാഗങ്ങളില്‍ വകുപ്പുകളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ലഹരിവിമുക്തകേരളം, മദ്യവിമുക്തകേരളം വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. ആരോഗ്യ- പഞ്ചായത്ത് വകുപ്പുകള്‍ സംയുക്തമായി ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ സെമിനാറുകള്‍ നടത്തും.
വിവിധ സ്കൂളുകളില്‍ ഗാന്ധി ചിത്രപ്രദര്‍ശനം, ലഹരിവിരുദ്ധ ബോധവത്കരണ ചിത്ര-ഹ്രസ്വചിത്രപ്രദര്‍ശനം എന്നിവയും മറ്റു കേന്ദ്രങ്ങളില്‍ സ്വദേശി ഉത്പന്നങ്ങളുടെ വിപണനവും സംഘടിപ്പിക്കും. ജില്ലയില്‍ ഗാന്ധിജി സന്ദര്‍ശിച്ച സ്ഥലങ്ങളിലൊന്നായ മുസാവരി ബംഗ്ലാവിലേക്ക് കരുമാടി ഗവണ്മെന്റ് ഹൈസ്കൂളില്‍ നിന്ന് ഗാന്ധിയന്‍ സന്ദേശയാത്ര സംഘടിപ്പിക്കും. മഹാത്മാവു സന്ദര്‍ശിച്ച കുത്തിയതോട് മപഞ്ചായത്ത് ഓഫീസ്, ആലപ്പുഴ ഗുജറാത്തി തെരുവ്, മാവേലിക്കര തട്ടാരമ്പലം എന്നിവിടങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും. ബോധവത്കരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ, ജനശ്രീ, മഹിളാസംഘടനകള്‍, ഗാന്ധിയന്‍ സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വനിതാ കൂട്ടായ്മ സംഘടിപ്പിക്കും.
സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിയുടെ ഭാഗമായി ബിജെപിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ത്തലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചേര്‍ത്തല നിയോജകമണ്ഡലം കമ്മറ്റി തീരുമാനിച്ചു. മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് കമ്മറ്റികളുടെയും നഗരസഭ കമ്മറ്റികളുടെയും നേതൃത്വത്തില്‍ അതതു പ്രദേശങ്ങളിലായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് മണ്ഡലം പ്രസിഡന്റ് പി.കെ. ബിനോയ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: