തുറവൂര്‍: വീടിരിക്കുന്ന പുരയിടം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ദുരൂഹസാഹചര്യത്തില്‍ മരിച്ചെന്നാരോപിച്ച് പട്ടികജാതിക്കാരനായ ഗൃഹനാഥന്റെ മൃതദേഹവുമായി കെപിഎംഎസ്, വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. എരമല്ലൂര്‍ തോട്ടപ്പള്ളി മഠത്തിച്ചിറ അശോകന്റെ മൃതദേഹവുമായാണ് വെള്ളിയാഴ്ച രാത്രി എട്ടരയോടെ എരമല്ലൂര്‍ ജങ്നില്‍ ഉപരോധിച്ചത്. ഇതോടെ ഇരുവശങ്ങളിലും ഒരുമണിക്കൂറോളം വാഹനഗതാഗതം തടസപ്പെട്ടു.
ചേര്‍ത്തല ഡിവൈഎസ്പി: ബാബുകുമാര്‍, കുത്തിയതോട് സിഐ: പി. അശോക്കുമാര് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും പ്രകോപിതരായ ജനങ്ങളെ പാതയില്‍ നിന്നും നീക്കം ചെയ്യാനായില്ല. കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ മുദ്രാവാക്യം മുഴക്കി. ഭൂമാഫിയകള്‍ പുരയിടം കൈവശപ്പെടുത്തിയതിനെ തുടര്‍ന്ന് ആധാരം വാങ്ങിക്കുന്നതിനായി ദിവസങ്ങള്‍ക്ക് മുന്‍പാണ് അശോകന് വീട്ടില്‍ നിന്നും പോയതെന്നാണ് കെപിഎംഎസ് പ്രവര്‍ത്തകരുടെ ആരോപണം.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ടരയോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. രാത്രി ഒന്‍പതരയോടെ കെ.സി. വേണുഗോപാല്‍ എംപി, എത്തി സമരക്കാരുമായി ചര്‍ച്ച നടത്തുകയും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകുകയായിരുന്നു.
ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, കെപിസിസി സെക്രട്ടറി എം.കെ. അബ്ദുള്‍ ഗഫൂര്‍, കോണ്‍ഗ്രസ് എഴുപുന്ന മണ്ഡലം പ്രസിഡന്റ് പി.പി.അനില്‍കുമാര്‍, ബ്ലോക്ക് പ്രസിഡന്റ് ദിലീപ് കണ്ണാടന്‍, ബാബു, പി.എ.രഘുവരന് തുടങ്ങിയ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: