അധിനിവേശം’, ആ വാക്കിന്റെ അര്‍ത്ഥങ്ങളിലൊന്ന് ക്രിക്കറ്റെന്ന് വിമര്‍ശകവാദം. അതിരുകള്‍ കടന്നെത്തി അധീശത്വം സ്ഥാപിച്ചവര്‍ സമ്മാനിച്ച കളി. ഹോക്കിയും കബഡിയും അടക്കമുള്ള പരമ്പരാഗത ഇന്ത്യന്‍ കായിക ഇനങ്ങളുടെ വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിച്ചത് ക്രിക്കറ്റാണെന്നു പരിതപിക്കുന്നവര്‍ ചില്ലറയല്ല. ശരിക്കും, ക്രിക്കറ്റ് അതിന്റെ സൃഷ്ടാക്കളെപ്പോലെ മറ്റുചിലരുടെ ഇടങ്ങളിലേക്ക് കടന്നുകയറിയത്രെ. ആ വേലിയേറ്റത്തില്‍, ആഗോള വിനോദമായ ഫുട്ബോളും ഇന്ത്യയില്‍ വേരുറപ്പിക്കാതെപോയതായും അവര്‍ കുറ്റപ്പെടുത്തുന്നു. ഒരുപരിധിവരെ വിമര്‍ശകരുടെ വാക്കുകള്‍ ശരിയാണെന്നു തോന്നും.
1983ല്‍ കപിലിന്റെ ചെകുത്താന്മാര് ലോകകപ്പ് നേടിയതോടെയാണ് ഇന്ത്യന്‍ യുവത്വത്തിന്റെ ക്രീഡയായി ക്രിക്കറ്റ് മാറിയത്. അതിനു മുമ്പ് ഹോക്കിക്ക് ആധിപത്യമുണ്ടായിരുന്നു. പിന്നീട് സിരകളില്‍ ക്രിക്കറ്റ് ലഹരിയായി നിറഞ്ഞു. ആ വഴിക്ക് പ്രതിഭകള്‍ ഏറെപ്പിറന്നു. കപിലും സുനില്‍ ഗവാസക്റും സച്ചിന് ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്മണും അടക്കമുള്ള മഹാരഥന്മാരുടെ ചലനങ്ങള്‍പോലും അനുകരിച്ച തലമുറ ക്രിക്കറ്റിന് ശോഭനമായ ഭാവി ഉറപ്പിച്ചുകൊടുത്തു.
ടെലിവിഷന്‍ ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാറുകളായിരുന്നു മേല്‍പ്പറഞ്ഞവരെല്ലാം. കോര്‍പ്പറേറ്റുകളുടെ കണ്ണില്‍ ഏറ്റവും നന്നായി വിറ്റുപോകുന്ന കായിക മത്സരമായും ക്രിക്കറ്റ് മാറി. പരസ്യങ്ങള്‍ ഫിറ്റ് ചെയ്യാന്‍ ക്രിക്കറ്റ് ഒരുപാട് സ്പേസുകള്‍ അവര്‍ക്ക് സമ്മാനിച്ചു, കളത്തിലായാലും കളര്‍ ടിവിയിലായാലും. അതെല്ലാം ക്രിക്കറ്റിന്റെ ഭാഗ്യം. അതിനു മറ്റു കളികള്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല.
ടെന്നീസില്‍ ലിയാണ്ടര്‍ പേസും മഹേഷ് ഭൂപതിയും പ്രതിഭാധനര്‍. എങ്കിലും പീറ്റ് സാംപ്രസിന്റെയും ആന്ദ്രെ അഗാസിയുടെയും ഒന്നും താരത്തിളക്കമവര്ക്കില്ല. സാനിയ മിര്‍സയും മിടുക്കി തന്നെ. സാനിയ, മരിയ ഷറപ്പോവയല്ലെന്നതുമോര്ക്കണം. ഹോക്കിയില്‍ പുതുകാലത്തെ പ്രതലങ്ങളോട് ഇണങ്ങാനും യൂറോപ്യന്‍ ടീമുകള്ക്കൊപ്പമെത്താനും ഇന്ത്യ മറന്നുപോയി. ഇനി ഫുട്ബോളിന്റെ കാര്യം പറയാം. ഐ.എം. വിജയനും സി.വി. പാപ്പച്ചനും ജോ പോള്‍ അഞ്ചേരിയും ബൈചുങ് ബൂട്ടിയയുമൊക്ക മാറ്ററിയിച്ചിട്ടുണ്ട്. പക്ഷേ, അവര്‍ പെലെയും മറഡോണയും സീക്കോയും സിനദിന്‍ സിദാനുമൊന്നുമല്ലല്ലോ. സ്പെയിനിന്റെയോ ബ്രസീലിന്റെയോ അണ്ടര്‍ 21 സംഘങ്ങളെ വെല്ലുവിളിക്കാനുള്ള ശേഷി ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനുണ്ടോ?. ഫുട്ബോളും ബ്രിട്ടീഷ് ഉത്പന്നം. പക്ഷേ, വേണ്ടത്ര പശ്ചാത്തല സൗകര്യങ്ങളോ പരിശീലന ഉപാധികളോ ഇല്ലാത്തതിനാല്‍ ക്ലച്ചുപിടിക്കാതെ പോയി.
1951 മുതല്‍ 62 വരെയുള്ള സുവര്‍ണകാലത്തെ വിസ്മരിക്കുന്നില്ല. എങ്കിലും ഏഷ്യന്‍ നിലവാരത്തിനപ്പുറം ഉയര്‍ന്നിട്ടില്ല ഇന്ത്യന്‍ ഫുട്ബോള്‍ ഒരിക്കല്‍പ്പോലും. അങ്ങനെ രാജ്യത്തെ ഹതാശരായ കാല്‍പ്പന്ത് പ്രേമികള്‍ക്ക് ഈ അടുത്തകാലത്തു ലഭിച്ച ആശ്വാസവാര്‍ത്തയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും മറ്റും പയറ്റിത്തെളിഞ്ഞ വന്‍താരങ്ങളാണ് പ്രഥമ ഐഎസ്എല്ലുമായി കരാര്‍ ഒപ്പിട്ടത്. മുന്‍ ഇംഗ്ലണ്ട് ഗോളി ഡേവിഡ് ജെയിംസ്, ഫ്രഞ്ച് താരം ഡേവിഡ് ട്രസഗെ, ഇന്ത്യന്‍ വംശജനായ മൈക്കല്‍ ചോപ്ര, മുന്‍ ആഴ്സനല്‍ വിംഗര്‍ ഫ്രഡി ലുങ്ബര്‍ഗ് എന്നിങ്ങനെപോകുന്നു ആ താരനിര.
ടൂര്‍ണമെന്റിലെ ടീമുകളില്‍ മൂന്നെണ്ണത്തിന്റെ സഹഉടമകളായി മാറിയത് ഇന്ത്യന്‍ ക്രിക്കറ്റിലെ വമ്പന്മാരാണെന്നതാണ് അതിലും വലിയ സന്തോഷമേകുന്ന കാര്യം. സച്ചിനും ഗാംഗുലിയും പിന്നെ യുവതുര്‍ക്കി വിരാട് കോഹ്ലിയും. ഇനിയാരും പറയരുത്, ക്രിക്കറ്റ് ഫുട്ബോളിനെ നശിപ്പിക്കുന്നെന്ന്. ഐഎസ്എല്‍ ടീമുകളെ സ്വന്തമാക്കിയതിലൂടെ മാസ്റ്റര്‍ ബ്ലാസ്റ്ററും ദാദയും കോഹ്ലിയും ഫുട്ബോളിനോടുള്ള ആഴത്തിലുള്ള സ്നേഹം അടിവരയിട്ടു. ഫുട്ബോളിനെ ക്രിക്കറ്റ് നെഞ്ചോടു ചേര്‍ത്ത നിമിഷം. ആ മൂന്നു പ്രതിഭകളുടെയും പിന്തുണ ഐഎസ്എല്ലിനോട് ആരാധകക്കൂട്ടത്തെ വലിച്ചടുപ്പിക്കും. ടൂര്‍ണമെന്റിന്റെ പ്രചാരത്തിലും പരസ്യവരുമാനത്തിലും കാര്യമായ സ്വാധീനം ചെലുത്തുന്നതുകൂടിയാവും സച്ചിന്- സൗരവ്- വിരാട് ത്രയങ്ങളുടെ ഒത്തുചേരല്‍.
കേരളത്തെ പ്രതിനിധീകരിക്കുന്ന ടീമിനെയാണ് സച്ചിന് തോളേറ്റിയതെന്നതില് നമുക്ക് അഭിമാനിക്കാം. ഒരുകാലത്ത് സേഠ് നാഗ്ജിയടക്കം ഡസനോളം ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് കളിത്തട്ടൊരുക്കിയ സംസ്ഥാനത്തിന് പുത്തന്‍ ഉണര്‍വേകുന്നതായി കേരള ബ്ലാസ്റ്റേഴ്സിലെ സച്ചിന്റെ സാന്നിധ്യം. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് പരിശോധനയ്ക്കായി സച്ചിന് കൊച്ചിയിലെത്തിയപ്പോള്‍ ഹൃദയം നിറഞ്ഞ സ്വീകരണം നാം ഒരുക്കി. ഐഎസ്എല്ലില്‍ നമ്മുടെ ടീമിനെ ഏറ്റെടുത്തതോടെ സച്ചിനോട് മലയാളികള്‍ക്കുള്ള ആരാധനയും സ്നേഹവും പതിന്മടങ്ങ് വര്‍ധിച്ചുവെന്നത് ആ വരവേല്പ്പിലൂടെ തെളിഞ്ഞു.
ഇന്ത്യന്‍ ഫുട്ബോളിന്റെ ഈറ്റില്ലമായ കൊല്‍ക്കത്തയുടെ പുത്രന് സൗരവ് ഗാംഗുലി അത്ലറ്റിക്കോ കൊല്‍ക്കത്തയുടെ ഉടമകളില്‍ ഒരാളായതില്‍ അതിശയിക്കേണ്ടതില്ല. കുട്ടിക്കാലത്തു ഫുട്ബോള്‍ കളിച്ചുനടന്നവനാണ് ദാദ. ക്രിക്കറ്ററായില്ലെങ്കില്‍ ഒരുപക്ഷേ ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ സൗരവിനെ നമുക്കു കാണാമായിരുന്നു. അതിനാല്‍ത്തന്നെ ഐഎസ്എല്ലില്‍ തന്റെ കയ്യൊപ്പു ചാര്‍ത്താനുള്ള കൊല്‍ക്കത്തയുടെ രാജകുമാരന്റെ തീരുമാനം ഇന്ത്യന്‍ ഫുട്ബോളില്‍ പുത്തന്‍ ഊര്‍ജ്ജപ്രവാഹം തീര്‍ത്തു.
സച്ചിനും സൗരവും ടീം വാങ്ങിയാല്‍ ന്യൂജന്‍ ക്രിക്കറ്റര്‍മാരുടെ പ്രതിനിധിയായ കോഹ്ലിയെങ്ങനെ അടങ്ങിയിരിക്കും. അദ്ദേഹം സ്വന്തമാക്കി എഫ്സി ഗോവയുടെ ഉടമസ്ഥാവകാശം. ഫുട്ബോളിനോടുള്ള പ്രിയം എന്നും തുറന്നുപറഞ്ഞിട്ടുള്ളയാളാണ് കോഹ്ലി. ലാ ലീഗയുടെയും പ്രീമിയര്‍ ലീഗിന്റെയും സ്ഥിരം കാഴ്ചക്കാരന്. ചാരിറ്റി മാച്ചുകളിലൊക്കെ വിരാട് ആവേശപൂര്‍വ്വം പങ്കെടുക്കാറുമുണ്ട്. അങ്ങനെ സവിശേഷതകള്‍ ഏറെയുള്ള കോഹ്ലിയുടെ സാമീപ്യവും നല്ലനാളുകളിലേക്കുള്ള യാത്രയില്‍ ഇന്ത്യന്‍ ഫുട്ബോളിന് കൈത്താങ്ങാവുമെന്നതില് തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: